തിരുവനന്തപുരം:മുൻ ദേശീയ ഫുട്‌ബാൾ താരമായ പ്രീത ജെറാൾഡിനും കുടുംബത്തിനും പുതിയ വീടെന്ന സ്വപ്നം ഉടൻ യാഥാർത്ഥ്യമാകും. ലുലു ഗ്രൂപ്പ് വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി ആന്റണി രാജുവും ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദനും ചേർന്ന് ഇന്നലെ പ്രീതയ്ക്കു കൈമാറി. സെക്രട്ടേറിയറ്റിൽ മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രീതയുടെ പിതാവ് ജെറാൾഡ് മാനുവൽ,സഹോദരി വിനിത സജു എന്നിവരും പങ്കെടുത്തു.വെട്ടുകാട് തീരത്ത് പ്രീതയുടെ വീടിനോട് ചേർന്നുള്ള വിനിതയുടെ വീടും തകർച്ചയിലാണ്. വലിയ ആശ്വാസമാകുന്ന സഹായം നൽകിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിക്കു പ്രീത നന്ദി പറഞ്ഞു. തീരത്ത് ഒത്തിരി വീടുകൾ തകർന്നെങ്കിലും ദേശീയ ഫുട്‌ബാൾ താരം എന്ന നിലയിലാണ് പ്രീതയ്ക്കു ലുലു ഗ്രൂപ്പ് സഹായം നൽകിയതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.അണ്ടർ 18 ദേശീയ ടീം അംഗമായിരുന്ന പ്രീത സംസ്ഥാന ടീം ക്യാപ്റ്റനുമായിരുന്നു.