തുറവൂർ (ആലപ്പുഴ): മദ്യത്തിനു പകരം സാനിട്ടൈസർ കുടിച്ചെന്ന് സംശയിക്കുന്ന സുഹൃത്തുക്കളായ രണ്ടുപേരെ വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തി.
കുത്തിയതോട് പഞ്ചായത്ത് 14-ാം വാർഡ് ചാവടി കൊല്ലശേരിൽ പരേതരായ കരുണാകരൻറ്റെയും സരോജിനിയുടെയും മകൻ ബൈജു (50), സുഹൃത്തും സമീപവാസിയുമായ ചാവടി കൈതവളപ്പിൽ ചാർളിയുടെയും ഏലിയാമ്മയുടെയും മകൻ സ്റ്റീഫൻ (46) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെയാണ് ഇരുവരെയും സ്വന്തം വീടുകളിൽ മരിച്ച നിലയിൽ കണ്ടത്. ഭാര്യയും മകളുമായി അകന്നു കഴിയുന്ന ബൈജു വീട്ടിൽ ഒറ്റയ്ക്കാണ് താമസം. രാവിലെ അയൽവാസികളാണ് ബൈജുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംശയം തോന്നിയതിനെത്തുടർന്ന്, ബൈജുവിനൊപ്പം എപ്പോഴും കാണാറുള്ള സ്റ്റീഫനെ അന്വേഷിച്ചപ്പോഴാണ് ഇയാൾ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നത് കണ്ടത്. മുറിയിൽ നിന്ന് ഒഴിഞ്ഞ സാനിറ്റൈസർ കുപ്പിയും ഗ്ളാസും കണ്ടെത്തി. സോഡ ഒഴിച്ച് സാനിറ്റൈസർ കുടിച്ചാൽ ലഹരി കിട്ടുമെന്ന് ഇരുവരും പറയാറുണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ പൊലീസിനോടു പറഞ്ഞു.
കടുത്ത പ്രമേഹരോഗിയായ ബൈജു ഡ്രൈവറാണ്. ഭാര്യ: ഷീജ. മകൾ: അപർണ. സ്റ്റീഫൻ കൂലിപ്പണിക്കാരനാണ്. ഭാര്യ: ബേബി. മക്കൾ: ക്രിസ്റ്റീന, സ്റ്റെഫിന, പരേതനായ സ്റ്റെഫീൻ. കുത്തിയതോട് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹങ്ങൾ തുറവൂർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. . ചാവടി മേഖലയിലെ മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടെയുള്ള കടകളിൽ നിന്ന് സാനിറ്റൈസർ വൻതോതിൽ വിറ്റുപോകുന്നതും മദ്യപാനികൾ ഇവ ഉപയോഗിക്കുന്നതും സംബദ്ധിച്ചു കേരളകൗമുദി മാസങ്ങൾക്ക് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.