തിരുവനന്തപുരം: പൊഴിയൂർ ഭാഗത്തുണ്ടായ കടലാക്രമണത്തിൽ തകർന്ന കേരള - തമിഴ്നാട് തീരദേശ അതിർത്തി റോഡ് അടിയന്തരമായി കാൽനടയാത്ര സാദ്ധ്യമാകുംവിധം സഞ്ചാരയോഗ്യമാക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തകർന്ന ഭാഗം താത്കാലികമായി കല്ലിട്ട് ഉയർത്തി കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണ്.

പൊഴിയൂരിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള പരുത്തിയൂർ - സൗത്ത് കൊല്ലംകോട് തീരദേശ പാതയാണ് കഴിഞ്ഞയാഴ്ചയുണ്ടായ കടലാക്രമണത്തിൽ തകർന്നത്. റോഡ് പുനർനിർമിക്കുന്ന ജോലികൾക്കു മുമ്പ് അടിയന്തര നടപടിയെന്ന നിലയ്ക്കാണ് താത്കാലിക സംവിധാനമൊരുക്കുന്നതെന്ന് കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

കടലാക്രമണത്തിൽ റോഡിന്റെ വലിയൊരു ഭാഗം പൂർണമായി ഒലിച്ചുപോയിരുന്നു. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ ഇവിടം കല്ലിട്ട് നികത്തുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഈ ജോലി കഴിഞ്ഞാൽ ഉടൻ ഇതിനു മുകളിൽ പൊതുമരാമത്ത് വകുപ്പ് താത്കാലിക കോൺക്രീറ്റ് റോഡ് നിർമിക്കും.