pupa

അനബെൽ എന്ന സിനിമയിലൂടെ ലോകത്തെ മുഴുവൻ ഭയപ്പെടുത്തിയ പ്രേതപ്പാവയെ ഏവർക്കും അറിയാം. അനബെല്ലിനെ പോലെ ഭയപ്പെടുത്തുന്നതും എന്നാൽ അനബെല്ലിനെ പോലെ അപകടകാരിയല്ലാത്തതുമായ ഒരു പാവ ശരിക്കുമുണ്ട്. പ്യൂപ്പയെന്നാണ് നീല ഉടുപ്പിട്ട കമ്പിളിത്തുണിയിൽ തീർത്ത വെറും 14 ഇഞ്ച് മാത്രം വലിപ്പമുള്ള ആ കുഞ്ഞ് പാവയുടെ പേര്. ഇറ്റാലിയൻ ഭാഷയിൽ പ്യൂപ്പ എന്ന പേരിനർത്ഥം പാവ എന്നാണ്.

1920കളിൽ ഇറ്റലിയിലെ ഒരു ധനിക കുടുംബത്തിന് വേണ്ടിയാണ് പ്യൂപ്പയെ നിർമ്മിച്ചത്. കുടുംബത്തിലെ ആറു വയസുകാരിയ്ക്ക് അവളുടെ മാതാപിതാക്കൾ സമ്മാനിച്ചതാണ് പ്യൂപ്പയെ. പ്യൂപ്പയ്ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. ആ കുട്ടിയുടെ മുഖച്ഛായയോടെയാണ് പ്യൂപ്പയെ നിർമ്മിച്ചിരുന്നത്. മാത്രമല്ല, പാവയുടെ തലമുടി ശരിക്കും മനുഷ്യന്റോതായിരുന്നു. ഏതായാലും പ്യൂപ്പ പാവ ആ പെൺകുട്ടിയുടെ കരങ്ങളിൽ സുരക്ഷിതമായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇറ്റലിയിൽ നിന്ന് ആ കുടുംബം പാലായനം ചെയ്യുമ്പോൾ പ്യൂപ്പയും ഒപ്പമുണ്ടായിരുന്നു. യൂറോപ്പിന്റെ പല ഭാഗങ്ങളിലേക്ക് കുടുംബം താമസം മാറിയെങ്കിലും പ്യൂപ്പയെ കൈവിട്ടില്ല.

ഒടുവിൽ, യു.എസിലാണ് കുടുംബത്തോടൊപ്പം പ്യൂപ്പ എത്തിയത്. 2005ൽ 90ാം വയസിൽ പ്യൂപ്പയുടെ ഉടമയായിരുന്ന പെൺകുട്ടി മരിക്കുന്നത് വരെ പ്യൂപ്പ ഒപ്പമുണ്ടായിരുന്നു. തന്റെ കുട്ടിക്കാലം മുതൽ അവസാനകാലം വരെയുള്ള എല്ലാ കാര്യങ്ങളും ആ സ്ത്രീ പ്യൂപ്പയോട് പങ്കുവച്ചിരുന്നു. മറ്റാരോടും പറയാത്ത രഹസ്യങ്ങൾ പോലും പ്യൂപ്പയോട് പറഞ്ഞിരുന്നതായും തന്നെ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നത് പ്യൂപ്പയാണെന്നും ആ സ്ത്രീ തന്റെ മക്കളോട് പറഞ്ഞിരുന്നു. പ്യൂപ്പയോട് സംസാരിക്കുന്ന ആ സ്ത്രീയെ അവരുടെ ചെറുമക്കളും ഓർക്കുന്നു. മനുഷ്യരുടെ മനസാണ് പ്യൂപ്പയ്ക്കെന്നായിരുന്നു അവർ പറഞ്ഞിരുന്നത്. ആ സ്ത്രീയ്ക്ക് പ്യൂപ്പയോട് അഗാതമായ ആത്മബന്ധമാണുണ്ടായിരുന്നത്.

അവർ മരിച്ചതോടെ കാര്യങ്ങളൊക്കെ മാറി. വർഷങ്ങൾ പഴക്കമുണ്ടായിരുന്നതിനാൽ പ്യൂപ്പയെ ആ വീട്ടിലെ മറ്റാരും അങ്ങനെ ഉപയോഗിച്ചിരുന്നില്ല. പക്ഷേ, ഇടയ്ക്കിടെയ്ക്ക് പ്യൂപ്പയ്ക്ക് സ്ഥാനചലനങ്ങൾ സംഭവിക്കാൻ തുടങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പ്യൂപ്പയെ കാര്യമായി നിരീക്ഷിച്ചു. ഒരിടത്ത് വച്ചിട്ട് പോയാൽ പിന്നെ മറ്റൊരിടത്താകും പ്യൂപ്പയെ കാണുകയത്രെ. മാത്രമല്ല, പ്യൂപ്പയ്ക്ക് സമീപമുള്ള വസ്തുക്കൾ യാതൊരു പ്രകോപനമില്ലാതെ നിലത്തുവീഴാനും തുടങ്ങി. ഒടുവിൽ പ്യൂപ്പയെ ഒരു ചില്ലുകൂട്ടിലാക്കി. എന്നാൽ, ചില്ലുകൂട്ടിൽ നിന്ന് ആരോ തട്ടുന്ന പോലുള്ള ശബ്ദം കേൾക്കാൻ തുടങ്ങി. പ്യൂപ്പ ഇപ്പോൾ എവിടെയാണെന്ന് ആർക്കുമറിയില്ല. ലോകത്തെ ഏറ്റവും ഭയാനകമായ പാവകളിലൊന്നായാണ് പ്യൂപ്പ അറിയപ്പെടുന്നത്.