തിരുവനന്തപുരം: സാഹിത്യകാരനും കേരളകൗമുദി മുൻ ജീവനക്കാരനുമായിരുന്ന പോങ്ങുംമൂട് അർച്ചനാ നഗർ ഐശ്വര്യയിൽ ഉള്ളൂർ കെ.സതീശൻ (71) നിര്യാതനായി. പരേതരായ കെ.കുട്ടൻ- ബി.വൃന്ദമ്മ ദമ്പതികളുടെ മകനാണ്. കുറച്ചു നാൾ കേരളകൗമുദി പത്രത്തിലും ആറ് വർഷം ആകാശവാണി തിരുവനന്തപുരം നിലയത്തിലും സബ് എഡിറ്ററായും തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ റിപ്പോർട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. പത്ത് വർഷം സാംസ്‌കാരിക രംഗം പരിപാടിക്ക് സ്ക്രിപ്റ്റ് എഴുതി. ആകാശവാണി സംപ്രേഷണം ചെയ്തിരുന്ന മൈക്രോഫോൺ, ഇതളുകൾ എന്നീ പരിപാടികൾ ഇദ്ദേഹത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തു. ദൂരദർശന് വേണ്ടി ഏഴ് ഡോക്യുമെന്ററികൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. 2015ലെ കേരളകൗമുദി ഓണം വിശേഷാൽ പ്രതിയിൽ വന്ന ജന്മാന്തരങ്ങൾ ആണ് പ്രസിദ്ധീകരിച്ച അവസാനകഥ. കളിപ്പാവകൾ (ചെറുകഥാസമാഹാരം), ഇരകൾ, കയം, ജന്മാന്തരങ്ങൾ എന്നിവ പ്രധാന കൃതികളാണ്. ഭാര്യ: ലാലി സതീശൻ. മക്കൾ: ആതിര, ഇന്ദു. മരുമക്കൾ: ശ്രീകുമാർ, അശ്വിൻ. സംസ്കാരം പിന്നീട്.