തിരുവനന്തപുരം: നഗരത്തിൽ ഇന്നലെ വൈകിട്ടുണ്ടായ മഴയിലും കാറ്റിലും നിരവധി സ്ഥലങ്ങളിൽ മരം വീണു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പാങ്ങോട് മിലിട്ടറി ആശുപത്രിക്ക് സമീപത്തും ഗ്രൗണ്ടിന്റെ ഭാഗത്തും രണ്ട് വന്മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകൾ പൊട്ടി. പൂജപ്പുര, പട്ടം, പ്ലാമൂട്, നാലാഞ്ചിറ, മണ്ണാമൂല, വെള്ളയമ്പലം- അക്കാമ്മ ചെറിയാൻ റോഡ്, മുട്ടട - മരപ്പാലം റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണു. ചെങ്കൽച്ചൂള ഫയർ സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തിയാണ് മരങ്ങൾ മുറിച്ചുനീക്കിയത്.
ശ്രീചിത്ര ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിറുത്തിയിട്ടിരുന്ന കാറിന് മുകളിൽ മണ്ണ് ഇടിഞ്ഞുവീണു. തമ്പാനൂർ, എസ്.എസ് കോവിൽ റോഡ്, ഊറ്റുകുഴി ജംഗ്ഷൻ, കിഴക്കേകോട്ട, കിള്ളിപ്പാലം, കമലേശ്വരം, ചാക്ക തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ടായതോടെ ഗതാഗതം തടസപ്പെട്ടു.
മെഡിക്കൽ കോളേജ് - ഉള്ളൂർ റോഡിലും വെള്ളം ഉയർന്നു. ഓടകളെല്ലാം നിറഞ്ഞൊഴുകി. ഓടകൾ കൃത്യമായി വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് വ്യാപാരികൾ ആരോപിച്ചു. പാറവിള, പനത്തുറ, കഴക്കൂട്ടം എന്നിവിടങ്ങളിലെ ചില വീടുകളിൽ വെള്ളം കയറി. ഇവിടുത്തെ കിണറുകളിൽ ചെളിവെള്ളം നിറഞ്ഞത് കുടുംബങ്ങളെ ദുരിത്തിലാക്കി. ടോയ്ലറ്റുകളിലും മണ്ണും ചെളിയും നിറഞ്ഞിട്ടുണ്ട്. രാത്രി വൈകിയും പല സ്ഥലങ്ങളിലും മഴ തുടർന്നു.