certificate

ആലുവ: കൊവിഡ് വാക്സിൻ (കൊവിഡ് ഷീൽഡ്) രണ്ടാംഘട്ടം സ്വീകരിക്കാത്ത വൃദ്ധന് ഫൈനൽ സർട്ടിഫിക്കറ്റ് നൽകി ആരോഗ്യവകുപ്പ്! കടുങ്ങല്ലൂർ എടയാർ സ്വദേശി ചേന്ദാംപിള്ളി സി.എ. കുഞ്ഞുമുഹമ്മദിനാണ് (66) വാക്‌സിൻ നൽകാതെ സർട്ടിഫിക്കറ്റ് അയച്ചിരിക്കുന്നത്.

60 വയസിന് മുകളിലുള്ളവർക്കുള്ള ആദ്യ ഡോസ് മാർച്ചിലാണ് കുഞ്ഞുമുഹമ്മദിന് ലഭിച്ചത്. 22 ദിവസം കഴിഞ്ഞ് അടുത്ത ഡോസെടുക്കാൻ ചെന്നെങ്കിലും ലഭിച്ചില്ല. കടുങ്ങല്ലൂർ സ്‌കൂളിൽ നടന്ന ക്യാമ്പിൽ ചെന്നപ്പോൾ ആദ്യ ഡോസെടുത്ത് 45 ദിവസം കഴിഞ്ഞവർക്കാണ് വാക്‌സിൻ നൽകുന്നതെന്നാണ് പറഞ്ഞത്. അടുത്ത ആഴ്ച ബിനാനിപുരം കുടുംബാരോഗ്യകേന്ദ്രത്തിൽ ചെന്നാൽ മതിയെന്നും പറഞ്ഞു. ഇതുപ്രകാരം പലതവണ ആരോഗ്യകേന്ദ്രത്തിൽ കയറിയിറങ്ങിയിട്ടും രണ്ടാംഡോസ് വാക്‌സിൻ ലഭിച്ചില്ല. ഇതിനിടയിലാണ് കൊവിഡ് വാക്‌സിൻ ഫൈനൽ സർട്ടിഫിക്കറ്റ് മെസേജ് കഴിഞ്ഞദിവസം കുഞ്ഞുമുഹമ്മദിന് ലഭിച്ചത്. ഏപ്രിൽ പതിനൊന്നിന് ബിനാനിപുരം കുടുംബാരോഗ്യകേന്ദ്രത്തിൽ നിന്ന് വാക്സിനേഷൻ സ്വീകരിച്ചെന്നാണ് സർട്ടിഫിക്കറ്റിൽ പറയുന്നത്. ഇതുമൂലം രണ്ടാംഡോസ് ലഭിക്കുമോയെന്ന ആശങ്കയിലാണ് കുഞ്ഞുമുഹമ്മദ്.