കിളിമാനൂർ: കിളിമാനൂർ വിദ്യ എൻജിനിയറിംഗ് കോളേജിലെ ഒന്നാം വർഷ ബി.ടെക് വിദ്യാർത്ഥികൾക്കായി വെർച്ച്വൽ പ്ലാറ്റ്ഫോമിൽ 'നിറം 2.0 ' എന്ന പേരിൽ ആർട്സ് ഫെസ്റ്റ് നടത്തുന്നു. 28ന് വൈകിട്ട് 3നാണ് പരിപാടി. കൊവിഡ് പശ്ചാത്തലത്തിൽ പഠനം വീടുകളിൽ മാത്രമായി ചുരുക്കേണ്ടി വന്ന വിദ്യാർത്ഥികൾക്ക് മാനസികോല്ലാസത്തിനാണ് പുതിയ വിനോദ പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്. കൊവിഡ് കാലം കുട്ടികളുടെ പഠനത്തോടൊപ്പമുള്ള കലാപ്രവർത്തനങ്ങളെയും തടസപ്പെടുത്തുന്നതിലെ പരിമിതി കണ്ടറിഞ്ഞാണ് വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനായി 'നിറം 2.0 ' എന്ന പേരിൽ അവർക്കായി വിവിധ ഓൺലൈൻ കലാപരിപാടികൾ സംഘടിപ്പിക്കുന്നത്.

ചിത്രരചന, ലളിതഗാനം, സ്കിറ്റ്, നൃത്തം, മോണോ ആക്ട്, മിമിക്രി തുടങ്ങിയ വിവിധ ഇനങ്ങളിലായി കുട്ടികൾക്ക് അവരുടെ സർഗവാസനകളെ ഓൺലൈനിൽ അവതരിപ്പിക്കാം. പരിപാടിയുടെ ഭാഗങ്ങൾ കോളേജിന്റെ ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിൽ വഴി ലഭിക്കും.