kuniyil-thod

രാമനാട്ടുകര: ഒഴുക്ക് നിലച്ച കുനിയിൽ തോട് രാമനാട്ടുകര നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. 28, 29, 30, ഡിവിഷനുകളിലൂടെ കടന്നു പോകുന്ന ഒരു കിലോമീറ്റർ ദൈർഘ്യമുള്ള തോടാണിത്. ശുചീകരണ, സംരക്ഷണ പ്രവൃത്തിക്കായി 4,95,000,00 രൂപ നഗരസഭ വകയിരുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിർത്താതെ പെയ്ത മഴയിൽ തോട് നിറഞ്ഞ് കവിഞ്ഞ് ഒട്ടേറെ വിടുകളിൽ വെള്ളം കയറിയിരുന്നു. ഇതേ തുടർന്നാണ് നഗരസഭ അടിയന്തിരമായി വിഷയത്തിൽ ഇടപ്പെട്ടത്.

കൊയ്ത്തലപ്പാടം പാടശേഖരത്തിൽ നിന്നാണ് കുനിയിൽ തോട് ആരംഭിക്കുന്നത്. പരുത്തിപ്പാറ, താഴെ പാറ, കണ്ടംകുളം, ചുള്ളി പറമ്പ്, നീരൊഴുപ്പിൽ, ചേടക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും മഴവെള്ളം കൊയ്ത്തലപ്പാടം പാടശേഖരത്തിലാണ് എത്തിച്ചേരുക. കൂടാതെ പാറമ്മൽ, മീത്തിൽതാഴം, കോടമ്പുഴ, ചാത്തം പറമ്പ്, പള്ളിത്താഴം, പ്രൈവറ്റ് റോഡ്, കോമക്കൽതാഴം തുടങ്ങിയ പ്രദേശങ്ങളിലെ മഴവെള്ളവും കുനിയിൽ തോട് വഴിയാണ് ചാലിയാർ പുഴയിൽ എത്തുന്നത്. എന്നാൽ തോട് കയ്യേറിയതോടെ പരിസരത്തെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറും. തോട് സംരക്ഷിച്ച് കയ്യേറ്റം തിരിച്ചുപിടിച്ച് പൂർവ സ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം തോട്ടിലൂടെ കയറി പരിസരത്തെ കിണറുകൾ മലിനമാകാറുണ്ട്. ഇതിന് പരിഹാരമായി കോടമ്പുഴ തോട്ടുങ്ങൾ ഭാഗത്ത് ചീർപ്പ് നിർമ്മിച്ച് ഉപ്പുവെള്ളത്തിൽ നിന്നും കിണറുകളെ സംരക്ഷിക്കണമെന്നും ആവശ്യം ശക്തമാണ്. മഠത്തിൽ താഴം ചിറ ഭാഗത്തുനിന്ന് പ്രവർത്തി ആരംഭിച്ച് മന്താർപാലം വഴി കോടമ്പുഴ തോട്ടുങ്ങൽ ഭാഗം ചാലിയാറിലേക്ക് സുഖമമായി ജലത്തിന്റെ ഒഴുക്ക് നടക്കുന്ന വിധം നവീകരണത്തിന്റെ ഉദ്ഘാടനം രാമനാട്ടുകര മുനിസിപ്പൽ ചെയർപേയ്സൺ ബുഷ്ര റഫീഖ് നിർവഹിച്ചു. വൈസ് ചെയർമാൻ കെ. സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ടി. നദീറ, കെ.എം. യമുന, കൗൺസിലർമാരായ സജ്ന ടീച്ചർ, ആയിശാ ജ്സന, ഹസീന കാരട്ടിയാട്ടിൽ എന്നിവരും എം. സൈതലവി, കെ.പി. പോക്കർ കുട്ടി, മജീദ് അബലക്കണ്ടി, റഫീഖ് കള്ളിയിൽ, കെ.എം. മുഹമ്മദലി, വസീം കാവിൽകണ്ടി, വി.എം. ഷരീഫ്, കെ.എം. നിസാർ, എം.കെ. ബിച്ചു, സബീൽ മടത്തിൽ, റാസിഖ് കോടമ്പുഴ, എ.പി. റിയാസ്, എം.കെ. അൻവർ, വി. ലത്തീഫ് തുടങ്ങിയവർ സംബന്ധിച്ചു.