palam

വിതുര: രണ്ട് ദിവസമായി കോരിച്ചൊരിയുന്ന ശക്തമായ മഴ മലയോരമേഖലയിൽ തീരാദുരിതം വിതച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. മഴമൂലം പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതി. വിതുര, തൊളിക്കോട്, ആര്യനാട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്. നിരവധി വീടുകളിൽ വെള്ളം കയറി, വയലേലകൾ മുഴുവൻ തടാകങ്ങളായി മാറി. വാഴ, പച്ചക്കറി, മരച്ചീനി കൃഷികളും വ്യാപകമായി നശിച്ചു. റബർ എസ്റ്റേറ്റുകളിലും വിളകളിലുമായി നൂറുകണക്കിന് റബർ മരങ്ങൾ ഒടിഞ്ഞും, കടപുഴകിയും വീണു. വൈദ്യുതിലൈനുകളും തകർന്നിട്ടുണ്ട്. ആദിവാസി, തോട്ടം മേഖലകളിലും മഴയും കാറ്റും നാശനഷ്ടങ്ങൾ വിതച്ചിട്ടുണ്ട്. മിക്ക ആദിവാസി മേഖലകളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. മരുന്ന് വാങ്ങാൻ പോലും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതി. കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന ഗ്രാമവാസികൾക്ക് മഴ കൂടി എത്തിയത് ഇരട്ടി പ്രഹരമായി. വിതുര-കല്ലാർ-പൊൻമുടി-പേപ്പാറ-ബോണക്കാട്-നെടുങ്ങാട് റൂട്ടിൽ അനവധി ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. മഴ ശക്തമായതോടെ മിക്ക റോഡുകളും താറുമാറായിട്ടുണ്ട്. പൊൻമുടി-തിരുവനന്തപുരം, ആര്യനാട്-വിതുര, വിതുര-പാലോട്, ആനപ്പെട്ടി-മരുതുംമൂട്, തോട്ടുമുക്ക്-ആനപ്പെട്ടി റോഡുകളിലെ മിക്ക ഭാഗത്തും വെള്ളക്കെട്ട് രൂപാന്തരപ്പെട്ടിട്ടുണ്ട്. ഗതാഗതതടസവും നേരിടുന്നു.

മണലിയിൽ പാലം തകർന്നു

വിതുര പഞ്ചായത്തിലെ മണലിയിൽ വാമനപുരം നദിയിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ തട്ട് മലവെള്ളപ്പാച്ചിലിൽ തകർന്നു. 25ടൺ കമ്പി ഒലിച്ചുപോയി. പ്രധാന തൂണുകൾക്ക് ചലനം സംഭവിച്ചിട്ടില്ലെങ്കിലും മെയിൻ സ്ക്രബുകൾ പൂർണമായും നശിച്ചു. രണ്ട് കോടി ഇരുപത് ലക്ഷം രൂപ അനുവദിച്ച പാലത്തിന്റെ ഇതുവരെയുള്ള നിർമ്മാണത്തിന് ഒരുകോടി പതിനഞ്ച് ലക്ഷം രൂപ ചെലവായി. കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ജി.സ്റ്റീഫൻ എം.എൽ.എ പാലം സന്ദർശിച്ചു. കനത്ത മഴയെ തുടർന്ന് നദി കരകവിഞ്ഞൊഴുകുകയാണ്.

നഷ്ടം ഇങ്ങനെ

** പലത്തിന്റെ മെയിൻ സ്ക്രബുകൾ തകർന്നു

** 25 ടൺ കമ്പി ഒലിച്ചുപോയി

പാലം നിർമ്മിക്കാൻ അനുവദിച്ചത്........ 2.20 കോടി

ഇതുവരെ ചെലവായത്.............. 1. 15 കോടി

പൊന്നാംചുണ്ട്, ചെറ്റച്ചൽ പാലങ്ങൾ വെള്ളത്തിൽ മുങ്ങി

വാമനപുരം നദി നിറഞ്ഞൊഴുകിയതോടെ പൊന്നാംചുണ്ട്-ചെറ്റച്ചൽ പാലങ്ങൾ മണിക്കൂറുകളോളം വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പാലം വെള്ളത്തിനടിയിലായത്. ഇതോടെ വിതുര-പൊന്നാംചുണ്ട്-തെന്നൂർ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം നിലച്ചു. മഴ കനത്താൽ പൊന്നാംചുണ്ട്, ചെറ്റച്ചൽ പാലങ്ങൾ വെള്ളത്തിൽ മുങ്ങുക പതിവാണ്. പാലത്തിന് ഉയരമില്ലാത്തതിനാലാണ് മഴയത്ത് വെള്ളത്തിനടിയിലാകുന്നത്. ഇവിടെ പുതിയ പാലം നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചെങ്കിലും നടന്നില്ല. നദി കരകവിഞ്ഞൊഴുകിയതുമൂലം വ്യാപകമായി കൃഷിഭൂമികൾ ഒലിച്ചുപോയിട്ടുണ്ട്. നദിയുടെ തീരപ്രദേശങ്ങളിൽ അധിവസിക്കുന്നവർ ഭീതിയുടെ നിഴലിലാണ്.

പേപ്പാറഡാം നിറഞ്ഞു

പേപ്പാറ വനമേഖലയിൽ ശക്തമായ മഴ പെയ്തതോടെ ഡാം നിറഞ്ഞു. പേപ്പാറ വനമേഖലയിൽ ശക്തമായ മഴ തുടർന്നാൽ ഇന്ന് ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് എ.ഇ അറിയിച്ചു.നിലവിൽ 107.2 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി. നിലവിൽ ജലനിരപ്പ് 105.2 മീറ്ററായി. ഇത്തരത്തിൽ മഴ തുടർന്നാൽ ഡാം തുറക്കാനാണ് തീരുമാനം. അതേസമയം,​ ഡാമിൽ വെള്ള നിറഞ്ഞതോടെ വൈദ്യുതി ഉത്പാദനം ഉഷാറായി നടക്കുന്നു. പ്രതിദിനം മൂന്ന് മെഗാവാട്ട് വൈദ്യുതിയാണ് പേപ്പാറയിൽ ഉത്പാദിപ്പിക്കുന്നത്.

പേപ്പാറ ഡാമിന്റെ സംഭരണ ശേഷി......107.2 മീറ്റർ

നിലവിലെ ജല നിരപ്പ്........................ 105.2 മീറ്റർ