dewasom-board

തിരുവനന്തപുരം: കൊവിഡ് അനിശ്ചിതത്വം തുടർന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ശമ്പളവും പെൻഷനും മുടങ്ങിയേക്കും. മിച്ചമുള്ള പണവും മറ്റു വരുമാനങ്ങളും ഉപയോഗിച്ച് മേയ് മാസത്തെ ശമ്പളം കൂടി കഷ്ടിച്ച് കൊടുക്കാനാവും. ക്ഷേത്രങ്ങൾ തുറക്കാനായില്ലെങ്കിൽ വരും മാസങ്ങളിൽ പ്രശ്നമാവും..വിവാഹം പോലുള്ള ചടങ്ങുകൾ മുടങ്ങിയതും വരുമാനം ഗണ്യമായി കുറച്ചു.

ദേവസ്വം ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പ്രസിഡന്റ് എൻ.വാസു ദേവസ്വം, ധന വകുപ്പ് മന്ത്രിമാരുമായി ചർച്ച നടത്തി. കഴിയുന്നത്ര സാമ്പത്തിക സഹായം അവർ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അത് സംബന്ധിച്ച് രൂപരേഖയായിട്ടില്ല. ശമ്പളത്തിനും പെൻഷനുമായി പ്രതിമാസം 40 കോടിയാണ് വേണ്ടത്.ക്ഷേത്രങ്ങളിലെ ഭരണച്ചെലവുകൾക്ക് മറ്റൊരു 10 കോടിയും.വിവിധ ധനകാര്യ സ്ഥാപനങ്ങളിലെ സ്ഥിര നിക്ഷേപത്തിന്റെ പലിശയാണ് പെൻഷന് ചെലവാക്കുന്നത്. ഇത് മറ്റാവശ്യങ്ങൾക്ക് എടുക്കാനാവില്ല.

മുഖ്യസ്രോതസ്

ശബരിമല

390 കോടിയോളം വാർഷിക വരുമാനമുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുഖ്യവരുമാന സ്രോതസ് ശബരിമലയാണ്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന്, 2018 -ൽ ബോർഡിന്റെ വരുമാനം കുത്തനെ കുറഞ്ഞിരുന്നു. 2019 ഡിസംബറിലും 2020 ജനുവരിയിലുമായി വരുമാനം ഉയർന്ന് 269 കോടി ലഭിച്ചു. എന്നാൽ, കൊവിഡ് എത്തിയതോടെ 2020 ഡിസംബറിലും 2021 ജനുവരിയിലുമായി ശബരിമലയിൽ നിന്ന് ലഭിച്ചത് വെറും 21 കോടി. 248 കോടിയുടെ നഷ്ടം. മറ്റു ക്ഷേത്രങ്ങളിലും വരുമാനം നാലിലൊന്നായി ചുരുങ്ങി. ബോർഡിന് കീഴിൽ 1250 ക്ഷേത്രങ്ങളാണുള്ളത്.

'ക്ഷേത്രങ്ങൾ തുറക്കുകയല്ലാതെ സാമ്പത്തിക പ്രതിസന്ധി നേരിടാൻ മറ്റു വഴിയില്ല. കഴിഞ്ഞ പിണറായി സർക്കാർ കൈയയച്ചു സഹായിച്ചു. ഇപ്പോഴത്തെ ബുദ്ധിമുട്ട് സർക്കാരിനെ അറിയിച്ചിട്ടുണ്ട്'.

-എൻ.വാസു ,പ്രസിഡന്റ്,

ദേവസ്വം ബോർഡ്