ചിറയിൻകീഴ്: ചിറയിൻകീഴ് പാലകുന്ന് - സഭവിള റോഡ് മഴപെയ്താൽ പിന്നെ തോടായി മാറും. ഓട നിർമാണത്തിലെ അശാസ്ത്രീയതയും ദീർഘ വീക്ഷണമില്ലാത്തതുമാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. നല്ലൊരു മഴപെയ്താൽ റോഡിൽ വെള്ളം നിറയും. മുട്ടോളം വെള്ളത്തിൽ വേണം പിന്നെ ഇവിടം കടക്കാൻ. റോഡിലെ മഴവെള്ളം സമീപത്തെ വീടുകളിലേക്കും എത്താറുണ്ട്.
ചിലയിടങ്ങളിൽ നാട്ടുകാരാണ് സ്ലാബ് ഇളക്കി ഓട വൃത്തിയാക്കിയത്. പാലകുന്ന് മുതൽ ഈഞ്ചയ്ക്കൽ ആറുവരെയാണ് ഇവിടെ ഓടയുടെ നവീകരണ പ്രവർത്തനം ഉണ്ടായിരുന്നത്. തുടക്ക സ്ഥലമായ പാലകുന്നിൽ നിന്നും ഓടയുടെ നവീകരണം ആരംഭിക്കുന്നതിന് പകരം ഓട സമാപിക്കുന്നിടത്ത് നിന്നാണ് ഇവിടെ ഓടയുടെ നിർമാണം ആരംഭിച്ചത്. ഇതു കാരണം ഓടയുടെ ഒരു ഭാഗത്ത് താഴ്ചയ്ക്ക് പകരം ഉയർച്ചയാണ്. ഈ നിർമ്മാണ അപാകത കാരണം ഓടയിൽ ഈ ഭാഗത്ത് വെള്ളംക്കെട്ടി നിൽക്കുന്നതിന് കാരണമാകുന്നു. രണ്ട് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ അധികൃതരുടെ ശ്രദ്ധ പലപ്പോഴും വേണ്ട വിധത്തിൽ ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
പാളിപ്പോയ ഒാട നിർമ്മാണം
ചിറയിൻകീഴ് വലിയകട ജംഗ്ഷനിൽ നിന്നും പുളിമൂട് ജംഗ്ഷനിൽ നിന്നും ഒഴുകിയെത്തുന്ന മഴവെള്ളമാണ് പാലകുന്ന് - സഭവിള റോഡിലെ ഓടയിലെത്തുന്നത്. കൂടുതൽ മഴവെള്ളത്തെ കടത്തിവിടുന്നതിന് പാകത്തിൽ ഓടയ്ക്ക് വീതിയില്ല. കൂടാതെ ഓടയ്ക്ക് കുറുകെ വീടുകളിലേക്കുള്ള ഹൗസ് കണക്‌ഷൻ വാട്ടർ പൈപ്പുകൾ പോയിരിക്കുന്നതിനാൽ മാലിന്യങ്ങൾ അടക്കം പൈപ്പുകളിൽ തങ്ങി സുഗമമായ നീരൊഴുക്കിനെ പലപ്പോഴും തടസപ്പെടുത്തുന്നു.