തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കാറ്ററിംഗ് സ്ഥാപനത്തിലേക്ക് മണ്ണിടിഞ്ഞുവീണ് മണ്ണിനടിയിൽ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി. കുമാരപുരത്തെ വി.എസ് കാറ്ററിംഗ് സ്ഥാപനത്തിന്റെ അടുക്കളയും പാഴ്സൽ കൗണ്ടറുകളും ഗോഡൗണും പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. സ്ഥാപനത്തിലെ വാച്ചറായിരുന്ന യു.പി സ്വദേശി ചാർലി മണ്ഡേലിനാണ് (30) പരിക്കേറ്റത്. ശരീരമാസകലം ചതവുകൾ സംഭവിച്ച ചാർലിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണമ്മൂല കുമാരപുരം വടയ്‌‌ക്കാട് ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.

പുലർച്ചെ ചാർലി മണ്ഡലിനെ ഫോണിൽ ബന്ധപ്പെട്ടിട്ട് പ്രതികരണമില്ലാത്തതിനെ തുടർന്ന് കാറ്ററിംഗ് ഉടമ സുഭാഷ് ബാബു സ്ഥാപനത്തിലെത്തിയപ്പോഴാണ് മേൽക്കൂര തകർത്ത് അടുക്കളയ്ക്കുള്ളിലേക്ക് മണ്ണ് ഇടിഞ്ഞുവീണതായി കണ്ടത്. പരിശോധനയ്ക്ക് ശേഷമാണ് മണ്ണിനടിയിൽ പരിക്കേറ്റ നിലയിൽ ചാർലിയെ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.

ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ സമീപത്തെ ഉയർന്ന പുരയിടത്തിൽ നിന്ന് മണ്ണിടിഞ്ഞുവീണ് ഓടും ആസ്ബറ്റോസ് ഷീറ്റും പാകിയ കെട്ടിടത്തിന് നേരത്തെ കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന് സുഭാഷ് ബാബു വില്ലേജ് ഓഫീസിലും കളക്ടർക്കും നഗരസഭയിലും പൊലീസിലും പരാതികൾ നൽകിയിരുന്നു. കഴിഞ്ഞദിവസം ഫയർഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരുമെത്തി മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റി. എന്നാൽ, മണ്ണിടിച്ചിൽ തടയാൻ സംരക്ഷണഭിത്തി നിർമ്മാണമുൾപ്പെടെയുള്ള നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.
മൂന്നരലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ മണ്ണിടിച്ചിലിൽ നശിച്ചതായി സുഭാഷ് ബാബു പറഞ്ഞു. മഴ കനക്കുന്നതോടെ അവശേഷിക്കുന്ന മണ്ണും ഇടിഞ്ഞുവീഴുമെന്ന ആശങ്കയുണ്ട്.