രണ്ടരക്കോടി ഇന്ത്യക്കാരെ ബാധിക്കുകയും രണ്ടേമുക്കാൽ ലക്ഷം ജീവനുകൾ അപഹരിക്കുകയും ചെയ്ത കൊവിഡ് എന്ന മഹാമാരിയുടെ സംഹാരതാണ്ഡവം നടക്കുന്ന ഇക്കാലത്ത്, പേമാരിയും കടലാക്രമണവും വെള്ളപ്പൊക്കവും കൂടിയാകുമ്പോഴുള്ള മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളു.
വെള്ളം, വായു, ഭക്ഷണം, കിടപ്പാടം എന്നിവയാണ് മനുഷ്യന് ഏറ്റവും അത്യാവശ്യം. ഇവയിൽ ഏതു ഘടകം മലിനപ്പെട്ടാലും ഗുരുതരമായ രോഗങ്ങൾ ഉണ്ടാകാം. ബാക്ടീരിയ, വൈറസ്, ഏകകോശജീവികൾ എന്നിവയാണ് രോഗഹേതുക്കളായ അണുക്കൾ. വേൾഡ് റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുപ്രകാരം ഇന്ത്യയിൽ 70ശതമാനം പേരും ഉപയോഗിക്കുന്നത് മലിന ജലമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട് പ്രകാരം ജല ഗുണനിലവാരത്തിൽ ഇന്ത്യയുടെ സ്ഥാനം 122 രാജ്യങ്ങളിൽ 120 ആണെന്ന കാര്യവും മറക്കരുത്.
മഴക്കാല രോഗങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം.
കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്ന ജലത്തിൽ കൂടി നേരിട്ടുണ്ടാകുന്ന വിവിധ രോഗങ്ങളാണ് ഇതിൽ ആദ്യത്തേത്.
ടൈഫോയ്ഡ്, വിഷൂചിക (ഡിസെൻട്രി), കോളറ, ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ഇ, പോളിയോ, വയറിളക്കം എന്നീ രോഗങ്ങളാണ് ഇവയിൽ പ്രധാനം.
ഇവ കൂടാതെ, രോഗാണുക്കൾ അടങ്ങിയ വെള്ളത്തിൽ പാദരക്ഷകളില്ലാതെ ഇറങ്ങുന്ന കർഷകർക്ക് മഞ്ഞപ്പിത്തത്തോടുകൂടി ഉണ്ടാകുന്ന രോഗമാണ് എലിപ്പനി അല്ലെങ്കിൽ ലെപ്‌റ്റോസ്‌പൈറോസിസ്. ലെപ്‌റ്റോസ്‌പൈറ വിഭാഗത്തിൽപ്പെട്ട ബാക്ടീരിയ, എലിയുടെ മൂത്രത്തിലൂടെ വെള്ളത്തിൽ വ്യാപിക്കുകയും അങ്ങനെ മലിനമായ വെള്ളത്തിൽ കൂടി മനുഷ്യശരീരത്തിൽ പ്രവേശിക്കാൻ ഇടയാക്കുകയും ചെയ്യുന്നു.
വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുകയും ആ കൊതുകുകൾ വളർന്ന് മനുഷ്യരെ കടിക്കുന്നതിലൂടെ
അണുക്കൾ ശരീരത്തിൽ പ്രവേശിച്ച് പലതരം രോഗങ്ങൾ ഉണ്ടാക്കുന്നു. മലേറിയ (അനോഫിലിസ് കൊതുക്), ഫൈലേറിയ (ക്യൂലക്‌സ് കൊതുക്),
ഡെങ്കിപ്പനി ( എയിഡസ് ഈജിപ്‌ഷൈ കൊതുക്), d) ചിക്കുൻഗുനിയ (എയിഡസ്) എന്നിവയാണ് ഇവയിൽ പ്രധാനം.
വയറിളക്കം (വയറുകടി) കാരണം ദിവസേന രാജ്യത്ത് ധാരാളം കുഞ്ഞുങ്ങൾ മരിക്കുന്നുണ്ട്. 'സാൽമണല്ല' ഗ്രൂപ്പില്‍ പെട്ട ബാക്ടീരിയയും റോട്ട വൈറസുകൊണ്ടുമാണ് ഇതിന് കാരണം. അശുദ്ധ ജലങ്ങളിൽ കൂടിയാണ് ഈ രോഗം വ്യാപിക്കുന്നത്. ഡിസെൻട്രി (മലത്തിൽ രക്തം കലർന്ന് പോകുന്നത്) ഉണ്ടാകുന്നത് ഏകകോശ ജീവിയായ അമീബ കൊണ്ടും 'ഷിഗല്ല'എന്ന ബാക്ടീരിയ കൊണ്ടുമാണ്. ഇന്ത്യയിലെ 600 ജില്ലകളിൽ നടത്തിയ പഠനത്തിൽ 200 ജില്ലകളിലും ജനങ്ങൾ ഉപയോഗിക്കുന്നത് അശുദ്ധജലമാണെന്നാണ് കണ്ടെത്തൽ.
മൺസൂൺ കാലത്ത് കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന അസുഖങ്ങളാണ് ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, ചിക്കൻഗുനിയ തുടങ്ങിയവ. ഡെങ്കിപ്പനിക്കും ചിക്കൻഗുനിയയ്ക്കും ചികിത്സയില്ല. കഴിഞ്ഞ അഞ്ച് വർഷത്തിൽ ഇന്ത്യയിൽ ജലജന്യ രോഗം കൊണ്ട് മരിച്ചത് 2500 പേരായിരുന്നെങ്കിൽ ഇപ്പോൾ 12000 പേർക്കാണ് രോഗംഉണ്ടായത്. സംക്രമിക രോഗാണുക്കളെ ഉന്മൂലനം ചെയ്യാനുള്ള മരുന്നുകൾ ഇപ്പോൾ നിലവിലുള്ളതുകൊണ്ടും രോഗപ്രതിരോധത്തെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരായതുകൊണ്ടുമാണ് മരണനിരക്ക് കുറയുന്നത്.
ശ്രദ്ധിക്കാൻ
മഴക്കാലരോഗങ്ങളെ തടയാൻ ശാസ്ത്രം സജ്ജമാണെങ്കിലും
രോഗവ്യാപനം തടയാൻ ചില പൊതു നടപടികൾ ആവശ്യമാണ്
ശുദ്ധജലമോ തിളപ്പിച്ച വെള്ളമോ മാത്രം ഉപയോഗിക്കുക.
വീടിന്റെ പരിസരത്ത് മഴവെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. തുറന്ന കുപ്പികളും പാത്രങ്ങളും കുഴികളും ചാലുകളും നിരീക്ഷിക്കുക. കൊതുകുകൾ മുട്ടയിടുന്നത് വെള്ളം കെട്ടിനിൽക്കുന്ന തുറന്ന സ്ഥലങ്ങളിലാണ്. ഭക്ഷണ മാലിന്യം ഉൾപ്പടെ നശിപ്പിച്ച് പരിസര ശുചിത്വം ഉറപ്പാക്കണം.
വ്യക്തി ശുചിത്വംപാലിക്കുക. പ്രത്യേകിച്ച് കൊവിഡ് കാലത്ത്. കൈകഴുകൽ, സാനിറ്റൈസർ ഉപയോഗം, സാമൂഹിക അകലം മുതലായ പ്രതിരോധ നടപടികൾ സ്വീകരിക്കുക.
വായു മലിനീകരണം കുറയ്ക്കുക. വായു മലിനീകരണം കാരണം ആസ്തമ, ശ്വാസകോശരോഗങ്ങൾ എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്.
തുടർച്ചയായുള്ള വയറിളക്കം, പനി, മഞ്ഞപ്പിത്തം, ശരീരവേദന, സന്ധിവീക്കം മുതലായ ലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ കണ്ട് രോഗനിർണ്ണയം നടത്തുക.
വിറ്റാമിനുകളും മാംസവും അടങ്ങിയ സമീകൃത ആഹാരം കഴിച്ച് ശരീരത്തിന്റെ പ്രതിരോധശക്തി വർദ്ധിപ്പിക്കുക.
ഡോ. കെ.പി.പൗലോസ്
പ്രിൻസിപ്പൽ കൺസൾട്ടന്റ് ഇൻ മെഡിസിൻ,
എസ്.യു.ടി ആശുപത്രി,
പട്ടം, തിരുവനന്തപുരം.