കല്ലമ്പലം: കൊവിഡ് ബാധിച്ചതോടെ വീട്ടിലെ പശുക്കളെ കറക്കാൻ കറവക്കാർ വരാതായതോടെ ബുദ്ധിമുട്ടിലായ കർഷകർക്കാശ്വാസമായി പഞ്ചായത്തംഗം വത്സല. കൊവിഡ് പ്രവർത്തനങ്ങൾക്കിടയിലും വീടുകളിൽ നേരിട്ടെത്തി പാൽ കറന്നുകൊടുത്തും പശുക്കളെ സ്വന്തം വീട്ടിൽ കൊണ്ടുപോയി പരിപാലിച്ചുമാണ് കരവാരം പഞ്ചായത്തിലെ പതിനെട്ടാം വാർഡ് മെമ്പർ വത്സല മാതൃകയായത്. സ്ഥിരം കറവക്കാർ വരാൻ മടിച്ചതോടെയാണ് വാർഡിലെ രോഗബാധിതരായ 2 ക്ഷീര കർഷകരുടെ പശുക്കളുടെ കറവയും പരിപാലനവും വത്സല ഏറ്റെടുത്തത്. എല്ലാസമയവും ഏതാവശ്യത്തിനും തന്നെ വിളിക്കാമെന്നും കർഷകത്തൊഴിലാളി കൂടിയായ വത്സല പറയുന്നു. കുമാർ രാജ്, രാഹുൽ, രാകേഷ് എന്നിവരും മെമ്പർക്ക് കൈത്താങ്ങായി കൂടെയുണ്ട്.