cat

പലതരത്തിലുള്ള ക്ഷേത്രങ്ങളെ പറ്റി നാം കേട്ടിരിക്കുന്നു. പക്ഷേ, ജപ്പാനിലെ ക്യോട്ടോയിൽ സ്ഥിതി ചെയ്യുന്ന ' ന്യാൻ ന്യാൻ ജി ' അഥവാ ' മ്യാവു മ്യാവു ഷ്രൈൻ ' എന്ന ക്ഷേത്രം ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ്. പൂച്ചകളുടെ ഫാൻസ് തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് മ്യാവു മ്യാവു ഷ്രൈനിന്റെ വിശേഷങ്ങൾ.

പേരു പോലെ തന്നെ വിവിധ നിറത്തിലുള്ള ഓമനത്തമുള്ള പൂച്ചകളാണ് ഈ ക്ഷേത്രത്തിൽ നിറയെ. ഇവിടെയെത്തുന്നവരെ സ്വീകരിക്കാൻ ഒരു പ്രധാന സന്യാസിയുണ്ട്. കൊയൂകി എന്നാണ് കക്ഷിയുടെ പേര്. കൊയൂകിയും ഒരു പൂച്ച തന്നെയാണ് കേട്ടോ. മ്യാവു മ്യാവു ഷ്രൈനിലേക്കെത്തുന്നവർക്കെല്ലാം കൊയൂകി പൂച്ച അനുഗ്രഹം നൽകിയാണ് മടക്കി അയക്കുന്നത്. മനുഷ്യരുമായി വളരെ ഇണക്കമുള്ള സ്വഭാവമുള്ള കൊയൂകിയ്‌ക്ക് ഇവിടേക്കെത്തുന്ന ടൂറിസ്റ്റുകളെയൊക്കെ വലിയ കാര്യമാണ്. സന്യാസി പൂച്ചയായ കൊയൂകിയെ കൂടാതെ വാക, ചിൻ, അരുജി, റെൻ, കൊനാറ്റ്സു, ചിചി എന്നിങ്ങനെ പഞ്ഞിക്കെട്ട് പോലുള്ള മറ്റ് ആറ് പൂച്ചകൾ കൂടി മ്യാവു മ്യാവു ഷ്രൈനിലുണ്ട്.

കൊയൂകിയുടെ സഹായികളാണ് ഇവർ. 2016ലാണ് മ്യാവു മ്യാവു ഷ്രൈൻ സ്ഥാപിതമായത്. തോരു കായ എന്ന ചിത്രകാരനാണ് പൂച്ചകൾക്ക് വേണ്ടി ഇങ്ങനെയൊരു ആരാധനാലയം ആരംഭിച്ചത്. ക്ഷേത്രത്തിലെത്തുന്ന സന്ദർശകർക്ക് ഭക്ഷണം കഴിക്കാനുള്ള പ്രത്യേക സൗകര്യം ഇവിടെയുണ്ട്. ഭക്ഷണ പദാർത്ഥങ്ങൾ മുതൽ ഗ്ലാസ്, പ്ലേറ്റ്, മേശ, കസേര, തൂൺ എന്നിങ്ങനെ എവിടെ നോക്കിയാലും പൂച്ചകളുടെ മനോഹരമായ ശില്‌പങ്ങളും പെയിന്റിംഗുകളും അലങ്കാര വസ്‌തുക്കളുമാണ് മ്യാവു മ്യാവു ഷ്രൈനിൽ കാണാൻ സാധിക്കുന്നത്.