നെയ്യാറ്റിൻകര: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ നെയ്യാറിലെ ജലനിരപ്പ് ഉയർന്നു. നെയ്യാർ ഡാമിന്റെ ഷട്ടറുകൾ കൂടി തുറന്നതോടെ ആറിന് സമീപത്തെ താഴ്ന്ന പ്രദേശങ്ങളും കൃഷിയിടങ്ങളും വെള്ളത്തിൽ മുങ്ങി. നെയ്യാറിന് സമീപത്തെ മിക്ക പ്രദേശങ്ങളും വെള്ളപൊക്ക ഭീഷണിയിലാണ്. ഇരുമ്പിൽ, തവരവിള, കണ്ണംകുഴി രാമേശ്വരം, പാലക്കടവ്, ചെമ്പരത്തിവിള, അമരവിള, പാതിരിശ്ശേരി, പുല്ലാമല ,കീഴ്കൊല്ല, അപ്പൂപ്പൻ കടവ്, ഡാളിക്കടവ്, ഓലത്താന്നി, ഗ്രാമം, പിരായുംമൂട് കടവ്, തെങ്ങാട്ട് കടവ്, പ്രാഞ്ചിക്കടവ്, അറക്കുന്ന് കടവ്, കാഞ്ഞിരംമൂട്ട് കടവ് എന്നിവടങ്ങളിലെല്ലാം വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചു. കൊല്ലയിൽ, തിരുപുറം, പൂവാർ, തുടങ്ങിയ വില്ലേജ് പരിധിയിലെ നെയ്യാർ തീര കടവുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. പാലക്കടവ് പാലം, ആരോൺ പാലം എന്നിവിടങ്ങളിലെല്ലാം പാലത്തിനൊപ്പം ജലനിരപ്പുയർന്നിട്ടുണ്ട്. നിലവിൽ നെയ്യാർഡാമിന്റെ ജലനിരപ്പ് 30 സെന്റിമീറ്ററോളം ഉയർത്തിയിട്ടുളളത്. മഴ ശക്തിപ്പെട്ടാൽ ഷട്ടറുകൾ ഇനിയും ഉയർത്താനുളള സാധ്യത കൂടുതലാണെന്നും നെയ്യാർ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നെയ്യാറ്റിൻകര വില്ലേജ് ആഫീസർ രാജ് കുമാർ അറിയിച്ചു.
മഴയിൽ വെള്ളം കയറിയ അമരവിള ടൈൽ ഫാക്ടറിക്ക് സമീപമുള്ള പ്രദേശങ്ങളും കൃഷിയിടങ്ങളും കഴിഞ്ഞ ദിവസം കെ. ആൻസലൻ എം.എൽ.എ സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി. വ്ളാങ്ങാമുറിയിൽ പ്രദീപ് നിവാസിൽ പ്രദീപ് രാജിൻ്റെ വീടിന്മേൽ സമീപത്തെ ആഞ്ഞിൽ മരം കടപുഴകി വീണ് വീടിന് കേടുപാടുകൾ പറ്റി. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.