mla
ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത

 തെറ്റ് ചൂണ്ടിക്കാണിച്ചത് കേരളകൗമുദി

തിരുവനന്തപുരം: ദേവികുളം എം.എൽ.എ എ.രാജയുടെ തിങ്കളാഴ്ചത്തെ സത്യപ്രതിജ്ഞ അസാധുവായി. അദ്ദേഹം ഒരിക്കൽക്കൂടി സത്യപ്രതിജ്ഞ ചെയ്യും.

തമിഴിൽ സത്യപ്രതിജ്ഞ ചെയ്ത എ.രാജ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. ഇക്കാര്യം ഇന്നലെ കേരളകൗമുദി റിപ്പോർട്ടു ചെയ്തിരുന്നത് ശ്രദ്ധയിൽപ്പെട്ട സ്പീക്കർ എം.ബി.രാജേഷ് തുടർനടപടികൾ സ്വീകരിക്കാൻ നിയസഭാ സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തുകയായിരുന്നു.

ഭരണഘടനപ്രകാരം എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ദൈവനാമം അല്ലെങ്കിൽ സഗൗരവം എന്ന വാക്കോ ഭാഷ ഏതായാലും അതിനു തുല്യമായ പദമോ ഉപയോഗിക്കണം. വാക്ക് തെറ്റിച്ചു പറയുന്നതും പറയാതിരിക്കുന്നതും പിഴവാണ്. ഈ വ്യവസ്ഥ തെറ്റിച്ചപ്പോഴൊക്കെ സത്യപ്രതിജ്ഞ അസാധുവാക്കിയിട്ടുണ്ട്.

സഗൗരവം എന്ന പദത്തിനു തുല്യമായി 'ഉളമാറ്' എന്ന വാക്കാണ് തമിഴിൽ ഉപയോഗിക്കുന്നത്. അതേ അർത്ഥം വരുന്ന 'ഉള്ളാർന്ത്' എന്ന വാക്കും ഉപയോഗിക്കാറുണ്ട്.

നിയമവകുപ്പിലെ വിവർത്തനം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് പറ്റിയ പിഴവാണിതെന്നാണ് നിയമസഭാ സെക്രട്ടേറിയറ്റിന്റെ നിഗമനം. കഴിഞ്ഞ മാസമാണ് സത്യപ്രതി‌ജ്ഞയുടെ തമിഴ്, കന്നട വിവർത്തനം വേണമെന്ന് നിയമവകുപ്പിനോട് നിയമസഭാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടത്.

മലയാളത്തിലാണെങ്കിൽ ദൈവനാമത്തിൽ/ സഗൗരവം എന്നെഴുതി നൽകുന്നതാണ് പതിവ്. തമിഴ് വിവർത്തനത്തിൽ അങ്ങനെയൊന്നും ഇല്ലായിരുന്നു. തമിഴ് വായിക്കാനറിയാത്തതുകൊണ്ട് പോരായ്മ നിയമസഭാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലും പെട്ടില്ല. തലേനാൾ തന്നെ എം.എൽ.എമാർക്ക് അച്ചടിച്ച പ്രതിജ്ഞ നൽകിയിരുന്നു.

ഇനി സ്പീക്കർക്ക് മുന്നിൽ

ആദ്യ സത്യപ്രതിജ്ഞ പ്രോടെം സ്പീക്കർ പി.ടി.എ റഹീമിന് മുമ്പാകെ ആയിരുന്നെങ്കിലും ഇനി സ്പീക്കർ എം.ബി. രാജേഷിന് മുമ്പാകെയാകും സത്യവാചകം ചൊല്ലേണ്ടത്.

നേരത്തെ ഹാജരാകാതിരുന്ന മന്ത്രി വി.അബ്ദുറഹ്മാൻ അടക്കം മറ്റു മൂന്ന് എം.എൽ.എമാരും എം.ബി. രാജേഷിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. കന്നഡയിൽ സത്യപ്രതിജ്ഞ ചൊല്ലിയ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്‌റഫ് അള്ളാഹുവിന്റെ നാമത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്.