nagaroot

കിളിമാനൂർ: കൊവിഡ് വ്യാപനത്തിൽ നട്ടംതിരിയുന്ന മലയോരമേഖലയിൽ ദുരിതത്തിന്റെ ആക്കം കൂട്ടി മഴ. രണ്ടുദിവസമായി പെയ്തിറങ്ങുന്ന കനത്ത മഴയിൽ മലയോര മേഖലയിലെ മിക്ക പഞ്ചായത്തുകളിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. വാമനപുരം നദിക്ക് സമീപമുള്ള പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. പുളിമാത്ത്, നഗരൂർ, പഴയകുന്നുമ്മൽ, കിളിമാനൂർ, പുളിമാത്ത്, മടവൂർ, മാണിക്കൽ, വാമനപുരം, കല്ലറ, നെല്ലനാട്, പുല്ലമ്പാറ, പാങ്ങോട് പഞ്ചായത്തുകളിലെ വിവിധ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാണ്.

ചിലയിടങ്ങളിൽ വൃക്ഷങ്ങൾ റോഡിലേക്ക് വീണു മണിക്കൂറുകളോളം യാത്ര തടസപ്പെട്ടു. നിരവധി കടകളിലും വീടുകളിലും വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി. വയലേലകൾ മുഴുവൻ വെള്ളത്തിനടിയിലായി. വാഴ, പച്ചക്കറി, മറ്റ് കൃഷികൾ എന്നിവ വ്യാപകമായി നശിച്ചിട്ടുണ്ട്.

ഇത്തവണ മഴയ്ക്കൊപ്പം കാറ്റില്ലാത്തതിനാൽ നാശനഷ്ടങ്ങൾക്ക് കുറവ് വന്നിട്ടുണ്ട്. ആലംകോട് കിളിമാനൂർ റോഡിന്റെ പകുതിയോളം ഭാഗങ്ങൾ വെള്ളത്തിനടിയിലായിരുന്നു. ഇരു ചക്രവാഹനങ്ങളുടെ സീറ്റിന് മുകളിൽ വെള്ളം നിറഞ്ഞു. കിളിമാനൂർ കൊച്ചു പാലം പൊളിച്ച് പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി ചെറിയ വാഹനങ്ങൾക്ക് പോകാൻ ഒരുക്കിയിരുന്ന റോഡുകളിലെ യാത്ര ദുരിതം നിറഞ്ഞതായിരുന്നു.

മലവെള്ളപ്പാച്ചിലിൽ അരുവിക്കരയിലെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മണലിപ്പാലത്തിന്റെ തട്ട് തകർന്ന് വാമനപുരം നദിയിലൂടെ ടൺ കണക്കിന് കമ്പികൾ ഒഴുകിയെത്തി. വാമനപുരം നദിക്ക് ഇരുവശവുമുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ജില്ലയിലെ ഡാമുകളിലെ ഷട്ടറുകൾ ഉയർത്തിയതിനാൽ പുഴകളെല്ലാം നിറഞ്ഞ് ഒഴുകുകയാണ്. പ്രദേശത്തെ പ്രധാന പാടശേഖരങ്ങളായ അടയമൺ, പാപ്പാല, വെള്ളല്ലൂർ, ഈഞ്ചമൂല, നന്ദായ് വനം, പുല്ലയിൽ, നെല്ലനാട്, മുദാക്കൽ, പ്രദേശങ്ങളിലെ വയലുകളെല്ലാം വെള്ളത്തിനടിയിലാണ്. അപകടകരമായ അവസ്ഥയിലും വെള്ളം കയറാൻ സാദ്ധ്യതയുള്ളതുമായ വീടുകളിൽ കഴിിയുന്നവരെ സംരക്ഷിത സ്ഥാനത്തേക്ക് പഞ്ചായത്തധികൃതർ മാറ്റുന്നുണ്ട്. ഇലക്ട്രിക് പോസ്റ്റുകൾക്കും ലൈനുകൾക്കും സമീപം അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന വൃക്ഷങ്ങൾ കെ.എസ്.ഇ.ബിയും ഫയർഫോഴ്സും സംയുക്തമായി മുറിച്ചു മാറ്റി.