ബാലരാമപുരം: സി.പി.ഐ വടക്കെവിള ബ്രാഞ്ച് ആരംഭിച്ച "കൂടെയുണ്ട് ഞങ്ങൾ " കാമ്പെയിനിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് പലവ്യഞ്ജനം, പച്ചക്കറി തുടങ്ങി 25ഓളം നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്‌തു. കെ. സതീഷ്ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗവും ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ വിളപ്പിൽ രാധാകൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു.
നേമം ബ്ലോക്ക്‌ പഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കായി ബ്രാഞ്ച് നൽകിയ സംഭാവന ബ്ലോക്ക്‌ പ്രസിഡന്റ് എസ്.കെ. പ്രീജ ഏറ്റുവാങ്ങി. കൊവിഡ് പ്രതിരോധ പ്രവർത്തനം നടത്തിയ എ.ഐ.വൈ.എഫ് നേതാക്കളായ ശിവപ്രസാദ്, ഷൈജു എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം ഭഗത്ത്‌ റൂഫസ്, വാർഡ് മെമ്പർ ശാരിക, സി.പി.ഐ കാട്ടാക്കട മണ്ഡലം കമ്മിറ്റി അംഗം ബീന, മുത്താരമ്മൻ ക്ഷേത്ര സെക്രട്ടറി ചന്ദ്രൻ എന്നിവർ പങ്കെടുത്തു. ബിജുകുമാർ സ്വാഗതവും മാഹീൻ നന്ദിയും പറഞ്ഞു.