നാഗർകോവിൽ: യാസ് ചുഴലിക്കാറ്റിൽ കന്യാകുമാരി ജില്ലയിൽ കനത്ത കാറ്റും മഴയും അനുഭവപ്പെട്ടു. തിങ്കളാഴ്ച രാത്രി ആരംഭിച്ച മഴ ഇന്നലെയും തുടർന്നു. ഇരണിയലിലും പരിസരത്തുമാണ് കൂടുതൽ മഴപെയ്തത്. മണിക്കൂറുകൾ നീണ്ട മഴകാരണം റോഡുകളിലും ജനവാസകേന്ദ്രങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മ ജില്ലയൊട്ടാകെ നിരവധി ഇലക്ട്രിക് പോസ്റ്റുകളും മരങ്ങളും വീണു.
വീടുകളും ഇടിഞ്ഞ് വീണു. കൂടാതെ ഡാമുകളിലെ ജലനിരപ്പ് ഉയർന്നത് കാരണം പേച്ചിപ്പാറ, മുക്കടൽ ഡാമുകളിലെ ജലം തുറന്നു വിട്ടു. പേച്ചിപ്പാറ ഡാമിൽ നിന്ന് 11,320 ഘനയടി ഉപരി ജലമാണ് തുറന്നത്. ഡാമിലെ വെള്ളം തുറന്ന് വിട്ടതിനാൽ കുഴിത്തുറ, ചിതറാൽ, തിക്കുരിശ്ശി ,വൈക്കലൂർ എന്നീ സ്ഥലങ്ങളിൽ ആറ്റിന്റെ കരയോട് ചേർന്ന് താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആറ്റിൽ ആരും ഇറങ്ങരുതെന്നും ജില്ലാഭരണകൂടം അറിയിച്ചു.
250 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
കുളച്ചൽ എ.വി.എം കന്നാൽ നിറഞ്ഞൊഴുകിയതിനാൽ കുളച്ചലിലുള്ള വീടുകളിൽ മഴ വെള്ളം കയറി. മഴ വെള്ളം ജനവാസ കേന്ദ്രങ്ങളിൽ കയറിയതിനാൽ ജില്ലാഭരണകൂടം 250 കുടുംബങ്ങളെ അവിടെ നിന്ന് മാറ്റി അടുത്തുള്ള കല്യാണമണ്ഡപത്തിൽ പാർപ്പിച്ചു. കൂടാതെ വെള്ളക്കെട്ട് രൂപപ്പെട്ടസ്ഥലങ്ങളായ നാഗർകോവിൽ, ശുശീന്ദ്രം, കുഴിത്തുറ എന്നീ സ്ഥലങ്ങളിലും ജില്ലാകളക്ടർ അരവിന്ദ് നേരിൽ കണ്ട് പരിശോധന നടത്തി. കനത്ത മഴയിൽ കന്യാകുമാരി ജില്ലയിൽ വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്.
200 വീടുകൾ ഇടിഞ്ഞുവീണു
കനത്ത മഴ കാരണം ഒരാഴ്ചയ്ക്കിടെ ജില്ലയിലെ 100 വീടുകളാണ് ഇടിഞ്ഞുവീണത്. കഴിഞ്ഞ ദിവസം മാത്രം 15 വീടുകളാണ് ഇടിഞ്ഞുവീണത്. വീട് ഇടിഞ്ഞുവീണ് രണ്ട് പേരും മരിച്ചു.
ഡി.ഐ.ജി പരിശോധന നടത്തി
കന്യാകുമാരി ജില്ലയിൽ മഴ കാരണം വെള്ളക്കെട്ട് അനുഭവപ്പെട്ടസ്ഥലങ്ങളിൽ ഡി.ഐ.ജി പ്രവീൺകുമാർ അഭിനവ് ഇന്നലെ പരിശോധന നടത്തി. തേങ്ങാപട്ടണം തുറമുഖം, കുഴിത്തുറ എന്നീ സ്ഥലങ്ങളാണ് സന്ദർശിച്ച് പരിശോധന നടത്തിയത്. തിരുനെൽവേലി ജില്ലയിൽ നിന്ന് 30 ദുരന്ത നിവാരണ സേനകളും 144 തമിഴ്‌നാട് സ്‌പെഷ്യൽ പൊലീസും 140 ദുരന്ത നിവാരണ സേനകളും ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനുണ്ട്.