ആറ്റിങ്ങൽ: ബിവറേജ്സ് കോർപ്പറേഷന്റെ ആറ്റിങ്ങലിലെ ഗോഡൗണിൽ നിന്ന് വിദേശമദ്യക്കുപ്പികൾ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേരെ കൂടി ആറ്റിങ്ങൽ പൊലീസ് അറസ്റ്റുചെയ്തു. കവലയൂർ മൂങ്ങോട് സുമ വിലാസത്തിൽ മെബിൻ ആർദർ (23), ചിറയിൻകീഴ് ആനത്തലവട്ടം ജിബിൻ നിവാസിൽ ജിബിൻ ( 29), മൂങ്ങോട് എവർഗ്രീൻ വീട്ടിൽ നിഖിൽ (21) എന്നിവരാണ് പിടിയിലായത്. സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കവലയൂർ മൂങ്ങോട് പൂവത്ത് വീട്ടിൽ രജിത്തിനെ അറസ്റ്റു ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് മറ്റുള്ളവർ പിടിയിലായത്.
മോഷണവുമായി നേരിട്ട് ബന്ധമുള്ള മൂങ്ങോട് സ്വദേശി കിരൺ എന്ന യുവാവ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഇനിയും ഇതുമായി ബന്ധമുള്ള 5 പേർ കൂടിയുണ്ടെന്നും അവരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സി.ഐ രാജേഷ് കുമാർ പറഞ്ഞു.
പിടിയിലായ മെബിൻ ആർദർ ഗോഗൗണിൽ നിന്നും മോഷ്ടിച്ച മദ്യക്കുപ്പികൾ ജിബിൻ, നിഖിൽ എന്നിവർക്കാണ് വിറ്റത്. 500ന്റെ ബോട്ടിൽ 850 രൂപയ്ക്കും ഒരു ലിറ്ററിന്റേത് 1700 രൂപയ്ക്കുമാണ് മെബിൻ ഇവർക്ക് നൽകിയിരുന്നത്. ഇവർ ഇത് 1500, 3000 എന്ന ക്രമത്തിലാണ് വിറ്റിരുന്നത്. ഇതിൽ കൂടുതൽ തുക നൽകി വാങ്ങിയവരുമുണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞു. പ്രതികളിൽ നിന്നും മദ്യം വിറ്റു കിട്ടിയ തുകയും ഇവർ ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പിടിച്ചെടുത്തു. മെബിനെ ഗോഡൗണിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഗോഡൗണിൽ ഇന്നലെയാണ് നഷ്ടത്തിന്റെ കൃത്യമായ കണക്കെടുപ്പ് നടന്നത്. 155 കെയ്സ് മദ്യമാണ് ഇവിടെ നിന്ന് നഷ്ടപ്പെട്ടത്. ഇതിൽ കൂടുതലും ഒരു ലിറ്ററിന്റെ കെയ്സുകളായിരുന്നു. ഡി.വൈ.എസ്.പി ഹരി, സി.ഐ രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.