വർക്കല: വർക്കല റെയിൽവേ സ്റ്റേഷന് മുന്നിലുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണശ്രമം. കഴിഞ്ഞദിവസം പുലർച്ചേ 2 മണിയോടെയായിരുന്നു മോഷണശ്രമം. ബർമുഡയും ടീഷർട്ടും ധരിച്ചയാളാണ് ക്ഷേത്രത്തിൽ മോഷണശ്രമം നടത്തിയത്. തോളിൽ ഒരു ബാഗും ഉണ്ടായിരുന്നതായി ക്ഷേത്രത്തിലെ സി.സി.ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.

ക്ഷേത്രത്തിന് മുൻവശത്ത് സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി ഇളക്കിയെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിക്കാത്തതിനാൽ മോഷ്ടാവ് ക്ഷേത്രത്തിന്റെ ഓഫീസായി ഉപയോഗിക്കുന്ന സ്ഥലത്തെത്തി മേശ വലിച്ചു തുറക്കാൻ ശ്രമിച്ചു. എന്നാൽ അതും നടക്കാതെ വന്നതോടെ ഇയാൾ ക്ഷേത്രത്തിന്റെ തിടപ്പള്ളി (ക്ഷേത്രത്തിന്റെ സാധന സാമഗ്രികൾ സൂക്ഷിക്കുന്ന മുറി) യുടെ വാതിൽ ചവിട്ടിപ്പൊളിക്കുകയായിരുന്നു. തിടപ്പള്ളിയിൽ ഉരുളി, വിളക്കുകൾ, പാത്രങ്ങൾ, കംപ്യൂട്ടർ തുടങ്ങി നിരവധി സാധനങ്ങൾ ഉണ്ടായിരുന്നെങ്കിലും മോഷ്ടാവ് അതൊന്നും കൈക്കലാക്കിയിട്ടില്ല. വർക്കല പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അന്വേഷണം ഊർജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.