shokkettu

വക്കം: വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ കെ.എസ്.ഇ.ബി വക്കം സെക്‌ഷൻ അസിസ്റ്റന്റ് എൻജിനിയറെ തടഞ്ഞുവച്ചു. കൊച്ചാലും മൂട്ടിൽ രാവിലെ ഒരാൾ ഷോക്കേറ്റ് നിലത്ത് വീണപ്പോൾ ഉടൻ തന്നെ നാട്ടുകാർ വക്കം ഇലക്ട്രിസിറ്റി ഓഫീസിൽ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് കടയ്ക്കാവൂർ പൊലീസ് എത്തുകയായിരുന്നു. പൊലീസ് എ.ഇ.യുമായി ബന്ധപ്പെട്ട ശേഷമാണ് ഇലക്ട്രിസിറ്റി ജീവനക്കാർ എത്തിയതും ലൈൻ ഓഫാക്കിയതും.

ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. താജുന്നീസ, വൈസ് പ്രസിഡന്റ് എൻ. ബിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ വക്കം വൈദ്യുതി ബോർഡിന്റെ ഓഫീസിലെത്തി എ.ഇയെ തടഞ്ഞുവയ്ക്കുകയായിരുന്നു. വക്കം ഓഫീസിൽ ഫോൺ വിളിച്ചാൽ ഉദ്യോഗസ്ഥർ എടുക്കുന്നില്ലെന്ന പരാതി നേതാക്കൾ അസിസ്റ്റന്റ് എൻജിനിയറുടെ ശ്രദ്ധയിൽപ്പെടുത്തി. കസ്റ്റമർ കെയറിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാമെന്ന എ.ഇയുടെ ഉറപ്പിൽ ഉപരോധ സമരം പിൻവലിച്ചു.