പാലോട്: കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ വ്യാപകമായ നാശനഷ്ടം. തോടുകൾ കരകവിഞ്ഞു' വാമനപുരം നദിയുടെ ഇരുകരകളിലും താമസിക്കുന്ന വീടുകളിൽ വെള്ളം കയറി. പൊട്ടൻചിറയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ഇടിഞ്ഞാർ, മങ്കയം ഭാഗങ്ങളിൽ വെള്ളം കയറി. കുറുപുഴ മുതൽ മടത്തറ വരെ റോഡിൽ വെള്ളക്കെട്ട് അതിരൂക്ഷമാണ്. മണ്ണാറുകുന്ന്, നവോദയ എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ ശക്തമാണ്. ഊളൻകുന്ന്, പച്ചമുടുംബ്, ഓരുക്കുഴി, പുലിയൂർ ,കുശവൂർ ,ആലുങ്കുഴി, ഒഴുകു പാറ, എന്നിവിടങ്ങളിൽ വെള്ളം കയറി ചില വീടുകളും, കൃഷിയും നശിച്ചു. ഇനിയും മഴ തുടരാൻ സാദ്ധ്യത ഉള്ളതിനാൽ നദികളുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.