dam

കാട്ടാക്കട: നെയ്യാർ വനമേഖലയിലും നെയ്യാർഡാമിന്റെ വൃഷ്ടി പ്രദേശത്തും ശക്തമായ മഴ. അണക്കെട്ടിലേക്ക് ഉള്ള നീരൊഴുക്കിൽ ജലനിരപ്പും ക്രമാതീതമായി ഉയരുന്നു. ഇക്കഴിഞ്ഞ 22 മുതൽ ഡാമിന്റെ നാല് ഷട്ടറുകളും 30 സെന്റീമീറ്റർ വീതം തുറന്ന് ജലനിരപ്പ് ക്രമീകരിച്ചു വരികയായിരുന്നു. എന്നാൽ കഴിഞ്ഞ രാത്രിയിൽ വനമേഖലയിൽ മഴ കൂടുതൽ ശക്തി പ്രാപിച്ചതോടെ നേരം പുലർന്നപ്പോഴേക്കും ഒന്നരമീറ്ററോളം ജലനിരപ്പുയർന്നു. നെയ്യാറിലും കൈവഴികളായ മുല്ലയാറിലും വള്ളിയാറിലും കരപ്പയാറിലും ജലത്തിന്റെ ഒഴുക്ക് കൂടിയിട്ടുണ്ട്. നെയ്യാർ വനമേഖലയിലെ അരുവികളും തോടുകളും നിറഞ്ഞൊഴുകുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാനാണ് സാദ്ധ്യത. നെയ്യാർ ഡാമിന്റെ പരമാവധി സംഭരണ ശേഷി 84.750 മീറ്റർ ആണ്. നിലവിൽ 83.5 മീറ്റർ ആണ് ജലനിരപ്പ്.
നെയ്യാറിന്റെ ഇരുകരകളിലുമുള്ള പല പ്രദേശങ്ങളിലും ഇപ്പോൾ തന്നെ നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ടി വന്നതിനാൽ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ കഴിയാത്ത അവസ്ഥയാണ്. ജലനിരപ്പ് വീണ്ടും ക്രമാതീതമായി ഉയർന്നാൽ ഷട്ടറുകൾ അടിയന്തിരമായി ഉയർത്തേണ്ടി വരും.നെയ്യാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇറിഗേഷൻ അധികൃതർ അറിയിച്ചു.