കല്ലമ്പലം: കോഴി ഫാമിനുള്ളിൽ വൻ രീതിയിൽ കോട തയ്യാറാക്കി ചാരായം വാറ്റി വില്പന നടത്തിയിരുന്ന പ്രതികൾ എക്സൈസിന്റെ പിടിയിലായി. ഊന്നിന്മൂട് പുതുവൽ കളീയ്ക്കൽ പള്ളിക്ക് സമീപമുള്ള കോഴിഫാമിലാണ് ചാരായവാറ്റ് നടന്നത്. കോഴി ഫാമിന്റെ ഉടമയായ മൈലവിള അമീനുദ്ധീൻ മൻസിലിൽ അനസ് (32), സഹായി അയിരൂർ വട്ടക്കരമൂല രതി ഭവനിൽ സുദർശനൻ (47) എന്നിവരാണ് പിടിയിലായത്.
ഒരു ലിറ്റർ ചാരായം 2000 രൂപയ്ക്ക് വരെയാണ് വർക്കലയിലും സമീപപ്രദേശങ്ങളിലും വില്പന നടത്തിയിരുന്നത്. സമീപ ജില്ലയിലുള്ള ആവശ്യക്കാർക്കും പ്രതികൾ ചാരായം എത്തിച്ചുകൊടുത്തിരുന്നു എന്നാണ് വിവരം. മറ്റു പ്രതികൾക്കായി അന്വേഷണം നടക്കുന്നതായി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം. നൗഷാദ് അറിയിച്ചു. പ്രതികളെ പിടികൂടുന്ന സമയം വില്പനയ്ക്ക് തയാറാക്കി വെച്ചിരുന്ന 10 ലിറ്റർ ചാരായം, ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തി ബാരലുകളിൽ സൂക്ഷിച്ചിരുന്ന 500 ലിറ്റർ കോട, ചാരായം വാറ്റുന്നതിനായി ഉപയോഗിച്ച ഗ്യാസ് സ്റ്റവ്, സിലിണ്ടർ, മറ്റ് വാറ്റ് ഉപകരണങ്ങൾ എന്നിവയും എക്സൈസ് കണ്ടെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം. നൗഷാദിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എ. അഷ്‌റഫ്, രതീശൻ ചെട്ടിയാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. സജീർ, വൈശാഖ്, അഭിഷേക് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.