കാട്ടാക്കട: കാട്ടാക്കടയിൽ മോഷണ പരമ്പര. കഴിഞ്ഞ ദിവസം രാത്രിയിൽ രണ്ട് പള്ളികളിലും രണ്ട് കുരിശടിയിലും ഒരു ക്ഷേത്രത്തിലുമാണ് കവർച്ച നടന്നത്. കണ്ടെയ്ൻമെന്റ് സോണുകളായ കാട്ടാക്കട പൂവച്ചൽ പഞ്ചായത്തുകളിൽ അതിശക്തമായ പൊലീസ് നിരീക്ഷണത്തെ വെട്ടിച്ചാണ് മോഷണപരമ്പര അരങ്ങേറിയത്.

ആയുധധാരികളായ കള്ളന്മാർ പണം കവരുകയും പള്ളികൾ അലങ്കോലമാക്കുകയും ചെയ്തു. പള്ളികളിൽ കയറിയ കള്ളന്മാർ കുർബാനയ്ക്കായി കരുതിയിരുന്ന വീഞ്ഞും അകത്താക്കിയാണ് മടങ്ങിയത്. പൊലീസ് സ്റ്റേഷന് കിലോമീറ്ററുകൾ മാത്രം അകലെയായി ആയുധധാരികൾ കറങ്ങിയതിൽ നാട്ടുകാർ ആശങ്കയിലാണ്.

കാട്ടാക്കട ആമച്ചലിൽ അമലോത്ഭല മാതാ ദേവാലയത്തിലും കട്ടക്കോട് സെന്റ് അന്റണീസ് ദേവാലയത്തിലും കട്ടക്കോട് ജംഗ്ഷനിലെ സെന്റ് ആന്റണീസ് കുരിശടിയിലും ചാത്തിയോട് വേളങ്കണ്ണിമാതാ കുരിശടിയിലും മംഗലക്കൽ മുത്താരമ്മൻ ക്ഷേത്രത്തിലുമാണ് ഒറ്റരാത്രിയിൽ മോഷണം നടന്നത്.

ആമച്ചൽ അമലോത്ഭമാതാദേവാലയത്തിൽ സക്രാരികൾ തകർത്ത കള്ളന്മാർ ദേവാലയങ്ങളിലെ തിരുവസ്ത്രങ്ങളും വിശുദ്ധ വസ്തുക്കളും അലങ്കോലപ്പെടുത്തി. വികാരിയുടെ ഓഫീസ് മുറിയിലെ വസ്തുക്കളും തകർത്തു.
ദേവാലയത്തിന്റെ വശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. കട്ടക്കോട് സെന്റ് അന്റണീസ് ഫെറോന ദേവാലയത്തിലെ ജനൽ കമ്പി തകർത്തും വാതിൽ തകർത്തുമാണ് മോഷണ സംഘം പള്ളിക്കുള്ളിൽ കയറിയത്. അൾത്താരയിലെത്തിയ സംഘം സക്രാരി തുറന്ന് പരിശോധിക്കുന്നതും സി.സി.ടിവി ദൃശ്യങ്ങളിലുണ്ട്. പള്ളിയിലെ സാധുജന സഹായ നിധി കാണിക്കകളും കവർന്ന കള്ളന്മാർ പള്ളിക്ക് മുന്നിലെ പിയാത്തയുടെ മുന്നിലെ കാണിക്കവഞ്ചി തകർക്കാൻ ശ്രമിച്ചെങ്കിലും ശ്രമം ഉപേക്ഷിച്ച് അക്രമികൾ മടങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. തിരുശേഷിപ്പിന് സമീപത്തെ കാണിക്കയും തകർത്ത നിലയിലാണ്.

കട്ടക്കോട് ജംഗ്ഷനിലെ സെന്റ് ആന്റണീസ് ദേവാലയത്തിന്റെ അധീനതയിലുള്ള കുരിശടിയിലും ചാത്തിയോട് വേളങ്കണ്ണിമാതാ കുരിശടിയിലും കാണിക്കകൾ തകർത്തു പണം കവർന്നു. പള്ളികളിലും കുരിശടികളിലും നഷ്ടമായ പണത്തിന്റെ കണക്ക് വ്യക്തമല്ല. മറ്റു വിലപിടിപ്പുള്ളവ നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്.

മംഗലക്കൽ മുത്താരമ്മൻ ക്ഷേത്രത്തിലെ ഒമ്പതോളം കാണിക്ക വഞ്ചികളും കുടങ്ങളും തകർത്തു പണം കവർന്നു. മാസങ്ങൾക്കു മുൻപാണ് കണക്കെടുപ്പ് നടത്തിയിരുന്നത്. പതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് നിഗമനമെന്ന് ക്ഷേത്ര സെക്രട്ടറി മംഗലക്കൽ അജിത് കുമാർ പറഞ്ഞു.

ആഴ്ചകൾക്ക് മുൻപാണ് കാട്ടാക്കടയിലും വിളപ്പിൽശാലയിലെ വിവിധയിടങ്ങളിലും ഇത്തരത്തിൽ മോഷണം നടന്നത്. ഇതിന്റെ അന്വേഷണം നടന്നു വരുന്നതിനിടയിലാണ് ഒറ്റ രാത്രിയിൽ ഇത്രയും ഇടങ്ങളിൽ കള്ളന്മാർ നിറഞ്ഞാടിയത്. മോഷണം നടന്നയിടങ്ങളിൽ പൊലീസും വിരലടയാള വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു. കുറ്റവാളികളെ ഉടൻ പിടികൂടണമെന്നും നെയ്യാറ്റിൻകര രൂപത വികാരി ജനറൽ ക്രിസ്തുദാസും കട്ടക്കോട് ഫെറോന വികാരി ഫാ. റോബർട്ട് വിൻസന്റും മുത്താരമ്മൻ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയും ആവശ്യപ്പെട്ടു.