തിരുവനന്തപുരം: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ പൊതുജനങ്ങൾക്കായി വകുപ്പുതലത്തിൽ പ്രത്യേക കൺട്രോൾ റൂമുകൾ തുറക്കും. വെള്ളക്കെട്ട് നിവാരണം, ദുരിതാശ്വാസം തുടങ്ങിയവയ്ക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ ജനങ്ങൾക്കു നേരിട്ട് ബന്ധപ്പെടാം. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചേർന്ന മഴക്കാല പൂർവ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം.

മേജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങി കാലവർഷക്കെടുതി നിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളാണ് കൺട്രോൾ റൂമുകൾ തുറക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ പ്രത്യേക ഉദ്യോഗസ്ഥരെയും നിയോഗിക്കും.

കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ടു പതിവായുണ്ടാകുന്ന പ്രശ്‌നങ്ങൾക്കു ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും നേരിട്ടു പരിശോധന നടത്തണമെന്നും മന്ത്രിമാർ നിർദ്ദേശം നൽകി.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ, സബ് കളക്ടർമാരായ എം.എസ്. മാധവിക്കുട്ടി, ചേതൻകുമാർ മീണ, എ.ഡി.എം ടി.ജി. ഗോപകുമാർ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.