പാറശാല: ശക്തമായ കടൽ ക്ഷോഭത്താൽ തകർന്ന പൊഴിയൂരിലെ നാശനഷ്ടങ്ങൾ നേരിട്ട് കണ്ട് വിലയിരുത്താൻ മന്ത്രി മുഹമ്മദ് റിയാസ് പൊഴിയൂരിൽ എത്തി. തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന തീരദേശ റോഡ് പുനർ നിർമ്മിക്കുന്നതിനും നാശ നഷ്ടങ്ങൾ കണക്കാക്കുന്നതിനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കടലാക്രമണം രൂക്ഷമായ തെക്കേ കൊല്ലങ്കോട്, പരുത്തിയൂർ ഭാഗങ്ങൾ മന്ത്രി സന്ദർശിച്ചു. കടലാക്രമണത്തിൽ നിന്നും തീരത്തെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി തീരദേശ വകുപ്പ് മന്ത്രിയോട് ചർച്ച ചെയ്ത് തീരുമാനിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. കെ ആൻസലൻ എം.എൽ.എ, കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധാർജുൻ, വാർഡ് മെമ്പർമാരായ പൊഴിയൂർ ജോൺസൺ, അജിത്ത്, ജോൺസൺ, സാമൂഹ്യ പ്രവർത്തകരായ ഉച്ചക്കട സുരേഷ്, അത്തനാസ്, ചീഫ് എൻജിനീയർ, തീരദേശ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയോടൊപ്പം എത്തിയിരുന്നു. പ്രദേശത്ത് ഏതെങ്കിലും അപകടമുണ്ടായാൽ ആശുപത്രിയിൽ എത്തിക്കാൻ പോലും ഇല്ലെന്ന പരാതി തെക്കേ കൊല്ലങ്കോട് ഇടവക വികാരി ഫാ.ആന്റോ ജോരിസ് മന്ത്രിയെ അറിയിച്ചു. പരുത്തിയൂർ ഇടവക വികാരി ഫാ.ജോണിന്റെ നേതൃത്വത്തിലാണ് മന്ത്രി തകർന്ന വീടുകളും റോഡും സന്ദർശിച്ചത്.
ഫോട്ടോ :പൊഴിയൂരിൽ എത്തിയ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കടൽക്ഷോഭത്തെ തുടർന്ന് നിശ്ശേഷം തകർന്ന തെക്കേ കൊല്ലങ്കോട് ഭാഗത്തെ അതിർത്തി റോഡും വീടുകളും സന്ദർശിക്കുന്നു.