food

തിരുവനന്തപുരം: സ്മാർട്ട് കിച്ചൺ പദ്ധതി നടപ്പാക്കുന്നതിനുള്ള മാർഗരേഖയും ശുപാർശയും സമർപ്പിക്കാൻ മന്ത്രിസഭായോഗ നിർദ്ദേശപ്രകാരം വനിതാ- ശിശു വികസന വകുപ്പ് മൂന്നംഗ സമിതിയെ നിയമിച്ചു. ഗാർഹിക ജോലിയിലേർപ്പെട്ട സ്ത്രീകൾക്ക് സർക്കാരിൽ നിന്നു ലഭ്യമാക്കേണ്ട സഹായം, ഗാർഹിക ജോലിയുടെ ഭാരവും കാഠിന്യവും ലഘൂകരിക്കാൻ സ്മാർട്ട് കിച്ചൺ പദ്ധതി നടപ്പാക്കൽ എന്നിവ സംബന്ധിച്ച മാർഗരേഖയും ശുപാർശകളും സമർപ്പിക്കാനാണ് സമിതി രൂപീകരിച്ചത്.
ധന അഡിഷണൽ ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, വനിതാ-ശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരാണ് സമിതിയിൽ. റിപ്പോർട്ട് ജൂലായ് 10നകം സമർപ്പിക്കണമെന്ന് നിർദേശം നൽകി.
ഗാർഹിക അദ്ധ്വാനത്തിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന നൽകുക, അവരുടെ വീട്ടുജോലിഭാരം ലഘൂകരിക്കുക എന്നിവയാണ് സ്മാർട്ട് കിച്ചൺ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായുള്ള ഗാർഹികോപകരണങ്ങൾ ലഭ്യമാക്കുന്നതുൾപ്പെടെ പദ്ധതിയുടെ ഭാഗമായിരിക്കും.