
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് കടലാക്രമണത്തിന്റെ ആഘാതം കൂട്ടിയതെന്ന് നാട്ടുകാർ ആരോപിച്ചു. ചൊവ്വാഴ്ചയുണ്ടായ കടലാക്രമണത്തിൽ വള്ളം മറിഞ്ഞ് ഒരാൾ മരിക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്‌ത സാഹചര്യത്തിലാണ് നാട്ടുകാർ ആരോപണം ശക്തമാക്കിയത്. പഴയ ഹാർബറിലെ പുലിമുട്ടിന് സമീപത്തായി വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായുള്ള പുലിമുട്ടുകളുടെ നിർമ്മാണവും നടക്കുന്നുണ്ട്. ഇതോടെ പഴയ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർ കടലിലേക്ക് പോകുകയും തിരികെ ഹാർബറിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന കവാടം ചുരുങ്ങിയതായി മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. ചൊവ്വാഴ്ച രാത്രിയിൽ കനത്ത മഴയ്ക്കും കടൽക്ഷോഭത്തിനുമിടെ ബോട്ടുകൾ ഹാർബറിലേക്ക് കയറുമ്പോൾ പുലിമുട്ടിലെ കവാടത്തിൽ വച്ച് മണൽത്തിട്ടയിലിടിച്ച് മറിയുകയായിരുന്നെന്ന് ഇവർ പറഞ്ഞു.
ഈ ഭാഗത്ത് മണൽ നിറഞ്ഞ് അപകടം പതിവാകുന്നതായും മത്സ്യത്തൊഴിലാളികൾ ഇന്നലെ സ്ഥലത്തെത്തിയ മന്ത്രിമാരെ അറിയിച്ചു. കടപ്പുറത്ത് ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ സർക്കാരിന്റെ വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്നും ഇവർ മന്ത്രിമാരോട് പരാതിപ്പെട്ടു.
മന്ത്രിമാർ പാഞ്ഞെത്തി
വള്ളങ്ങൾ തിരയിൽപ്പെട്ടുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനങ്ങളും തെരച്ചിലും ഏകോപിപ്പിക്കുന്നതിനായി മന്ത്രിമാർ നേരിട്ടെത്തി. മന്ത്രിമാരായ സജി ചെറിയാൻ, കെ. രാജൻ, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവർ ഇന്നലെ സ്ഥലത്തെത്തി തെരച്ചിൽ ഊർജിതമാക്കാൻ നിർദ്ദേശം നൽകി. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ കൊച്ചിയിലെ ജോയിന്റ് ഓപ്പറേഷൻസ് സെന്ററിൽ വിവരങ്ങൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ നിന്ന് വലിയ കപ്പൽ രക്ഷാപ്രവർത്തനത്തിനെത്തിയിരുന്നു. പൂന്തുറ, വിഴിഞ്ഞം പ്രദേശങ്ങൾ സന്ദർശിച്ച കളക്ടർ ഡോ. നവ്ജ്യോത് ഖോസ മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തി.