തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഒത്തുകൂടിയതിന് ബി.ജെ.പി കൗൺസിലർമാർക്കെതിരെ മ്യൂസിയം പൊലീസ് സ്വമേധയാ കേസെടുത്തു. കോർപ്പറേഷൻ ഓഫീസിൽ കൊവിഡ് വിലക്ക് ലംഘിച്ച് പ്രതിഷേധിക്കുകയും ഒത്തുകൂടുകയും ചെയ്‌തതിനാണ് നടപടി.
നഗരസഭാ കൗൺസിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈനായി നടത്താൻ സർവകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നു. അതനുസരിച്ച് എൽ.ഡി.എഫ്, ബി.ജെ.പി, യു.ഡി.എഫ് കക്ഷികളിൽ നിന്നായി ആകെ 20 അംഗങ്ങൾ കൗൺസിൽ ഹാളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും മറ്റുള്ളവർ ഓൺലൈനായും പങ്കെടുക്കാൻ തീരുമാനിച്ചു.
എന്നാൽ തീരുമാനം ലംഘിച്ച് ബി.ജെ.പി അംഗങ്ങൾ കൗൺസിൽ ലോഞ്ചിൽ പ്ലക്കാർഡുകളുമായി കൂട്ടം കൂടുകയാണുണ്ടായതെന്ന് മേയർ പറഞ്ഞു. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ഇവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ചില അജൻഡകൾ അടുത്ത കൗൺസിലിലേക്ക് മാറ്റിവച്ചും ചിലത് അംഗീകരിച്ചതായും അറിയിച്ച് മേയർ സഭ പിരിച്ചുവിട്ടു.
തുടർന്ന് ബി.ജെ.പി അംഗങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ പ്രകടനവും നടത്തി. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് കേസെടുത്തത്. യാതൊരു ചർച്ചയും കൂടാതെയാണ് അജൻഡകൾ പാസാക്കിയത്. ഇന്നലെ അവതരിപ്പിക്കാനിരുന്ന വിഷയങ്ങൾ വീണ്ടും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ സെക്രട്ടറിക്ക് കത്തു നൽകിയെന്നും ബി.ജെ.പി അറിയിച്ചു.
ആറ്റുകാലിൽ നടത്താത്ത ശുചീകരണത്തിന് പണം ചെലവഴിച്ചതുൾപ്പെടെയുള്ള അഴിമതി ആരോപണങ്ങൾ ചർച്ച ചെയ്യാതിരിക്കാനാണ് ഓൺലൈൻ കൗൺസിൽ യോഗം കൂടുന്നതെന്നും മുനിസിപ്പൽ ആക്ടിന്റെ ലംഘനമാണ് നടന്നതെന്നും ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ. ഗോപനും തിരുമല അനിലും ആരോപിച്ചു.