f

തിരുവനന്തപുരം: കോവളം അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളും തീരസംരക്ഷണവും കാലതാമസമില്ലാതെ നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ബീച്ച് വികസന പ്രവർത്തനങ്ങളുടെ വിലയിരുത്തലിനും തീരസംരക്ഷണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി കോവളം ബീച്ച് സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

കോവളം ബീച്ചിന്റെ ആദ്യഘട്ട വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായുള്ള രണ്ടാംഘട്ട പ്രവർത്തനം വൈകാതെ ആരംഭിക്കും. ഇതിന് മുന്നോടിയായി കടലാക്രമണത്തിൽ ബീച്ചിൽ സംഭവിച്ച കേടുപാടുകൾ പരിഹരിക്കേണ്ടതുണ്ട്. കടലാക്രമണത്തിൽ നിന്ന് ബീച്ചിന് സ്ഥായിയായ സുരക്ഷയാണ് വേണ്ടത്. ടൂറിസം പ്രൊമോഷൻ കൗൺസിൽ, ടൂറിസം സംഘടനകൾ, കോവളത്തെ ടൂറിസം മേഖല പ്രതിനിധികൾ തുടങ്ങിയവരുടെ യോഗം വിളിച്ചുചേർത്ത് ഇതിനായുള്ള നടപടിക്രമങ്ങൾ ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

കോവളത്തെ സമുദ്ര, സീ റോക്ക്, ലൈറ്റ് ഹൗസ് ബീച്ചുകളിൽ കടലാക്രമണത്തിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി. ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ടൂറിസം വകുപ്പ് ഡയറക്ടർ വി.ആർ. കൃഷ്ണ തേജ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, ഹാർബർ എൻജിനിയറിംഗ് വിഭാഗം ചീഫ് എൻജിനിയർ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി പ്രതിനിധികൾ, കോവളം വികസന പദ്ധതിയുടെ ആർക്കിടെക്ട് വാസ്തു ശില്പാലയ പ്രതിനിധികൾ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കടലാക്രമണത്തിൽ കോവളം ബീച്ചിലെ നടപ്പാതകൾ ഭൂരിഭാഗവും തകർന്ന നിലയിലാണ്. ഇത് നേരത്തെ ഹാർബർ എൻജിനിയർ വിഭാഗം പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ തീരസംരക്ഷണത്തിന് വേണ്ടി 8 കോടി 35 ലക്ഷം രൂപയുടെ പദ്ധതി സമർപ്പിച്ച് ഭരണാനുമതി ലഭിച്ചിരുന്നു. ഇതനുസരിച്ചായിരിക്കും തീര സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുക. ഇതിനോടൊപ്പം ടൂറിസം കേന്ദ്രത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളും നടത്തും.


നടപ്പാക്കുന്ന പ്രവർത്തനങ്ങൾ

ബീച്ചിൽ ഗ്രാനൈറ്റ് സീറ്റുകൾ, ബീച്ചിലെ ഇടക്കല്ലിൽ ശില്പം, നടപ്പാതയിൽ ഹാൻഡ് റെയിൽ, ബീച്ച് വൈദ്യുതീകരണം, ടോയ്‌ലെറ്റ് ബ്ലോക്ക് നവീകരണം, വസ്ത്രം മാറാനുള്ള കിയോസ്‌കുകൾ, കുളിമുറി, റെയിൻ ഷെൽട്ടറുകൾ, ലേസർ ലൈറ്റ് ഷോ തുടങ്ങിയ പ്രവൃത്തികൾ ഉൾക്കൊള്ളുന്നതാണ് ബീച്ചിലെ രണ്ടാംഘട്ട വികസനം.