കുളത്തൂർ: അരശുംമൂട് - കാര്യവട്ടം റാേഡിൽ കൂറ്റൻ ആൽമരം റോഡിലേക്ക് കടപുഴകിയതിനെ തുടർന്ന് അരശുംമൂട് - കാര്യവട്ടം റോഡിലെ ഗതാഗതം പൂർണമായി നിലച്ചു. അരശുംമൂടിന് സമീപം തീപ്പെട്ടി ക്ഷേത്രവളപ്പിൽ നിന്നിരുന്ന വർഷങ്ങൾ പഴക്കമുള്ള കൂറ്റൻ ആൽമരമാണ് റോഡിലേക്ക് പതിച്ചത്. അപകടത്തിൽ വൈദ്യുത പോസ്റ്റുകൾ തകർന്ന് വൈദ്യുതി നിലച്ചതോടെ പ്രദേശം മുഴുവൻ ഇരുട്ടിലായി.

ചൊവ്വാഴ്ച രാത്രി 10നുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് സംഭവം. അരശുംമൂട് ഭാഗത്ത് നിന്ന് ടെക്നോപാർക്ക്, കാര്യവട്ടം ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന ഏറെ തിരക്കുള്ള റോഡ് ലോക്ക് ഡൗണിൽ വിജനമായത് വൻ ദുരന്തം ഒഴിവാക്കി.

അപകടത്തിൽ ക്ഷേത്രത്തിന്റെ മതിലും ഷീറ്റ് മേഞ്ഞ ഷെഡും തകർന്നതൊഴിച്ചാൽ കാര്യമായ കേടുപാടുകൾ ക്ഷേത്രത്തിന് സംഭവിച്ചിട്ടില്ല. തന്നാൽ കെ.എസ്.ഇ.ബിക്ക് കാര്യമായ നഷ്ടമുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച തകരാറിലായ വൈദ്യുത തടസം ഇതുവരെ പരിഹരിക്കപ്പെടാത്തതിനാൽ നാട്ടുകാർ ദുരിതത്തിലാണ്.

മാത്രമല്ല റോഡിന് കുറുകെ കിടക്കുന്ന ആൽമരം മുറിച്ചു മാറ്റാൻ ഇതുവരെയും നടപടിയായില്ല. ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രമാണ് തീപ്പെട്ടി ശ്രീ ധർമ്മശാസ്താ ക്ഷേത്രം. ആര് മുറിച്ചു മാറ്റുമെന്ന തർക്കം നിലനിൽക്കെ സ്ഥലം എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ സ്ഥലത്തെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയാണ് ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മുറിച്ചു മാറ്റാൻ ധാരണയായത്.