dale

വെള്ളനാട്: ഡെയിൽ വ്യൂ ഡയറക്ടറും ഡെയിൽവ്യൂ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സ്ഥാപക ഡയറക്ടറുമായിരുന്ന പരേതനായ ഡോ. ക്രിസ്തുദാസിന്റെ ഭാര്യയും സാമൂഹ്യ പ്രവർത്തകയുമായ ശാന്താദാസിന് നാടിന്റെ അന്ത്യാഞ്ജലി. സാമൂഹ്യപ്രവ‌ർത്തന രംഗത്ത് ഡോ. ക്രിസ്തുദാസിനൊപ്പം പ്രവർത്തിക്കുകയും ഡെയിൽവ്യൂ പ്രസ്ഥാനത്തിന്റെ സെക്രട്ടറിയും വനിതാസംഘടനയായ സംയുക്തയുടെ അഖിലേന്ത്യാ നേതാവുമായിരുന്നു ശാന്താദാസ്.

വട്ടപ്പാറ ഒഴുകുപാറ തച്ചൂർ വീട്ടിൽ പരേതനായ വിക്രമൻ നായരുടെയും ജഗദമ്മയുടെയും ഏഴുമക്കളിൽ മൂത്തയാളാണ് ശാന്തദാസ്. വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം 1974ൽ മിത്രനികേതനിൽ നാല് വർഷക്കാലം ജോലിചെയ്തു. 1978ൽ ക്രിസ്തുദാസിനെ മിശ്രവിവാഹം ചെയ്യുകയും വെള്ളനാട് പുനലാലിൽ താമസമാക്കുകയും ചെയ്തു. തുടർന്ന് അതേവർഷം തന്നെ ഡെയിൽ വ്യൂ എന്ന പ്രസ്ഥാനത്തിന് ക്രിസ്തുദാസും ശാന്താദാസും രൂപം നൽകി.

സ്ത്രീകളുടെ സാക്ഷരത, കുട്ടികളുടെ ആരോഗ്യസംരക്ഷണം, പരിസരശുചീകരണം, കിണർ നിർമ്മാണം, ബോധവത്കരണ ക്ലാസുകൾ, തൊഴിൽ വികസനം, വൃദ്ധർക്കുള്ള പകൽവീട്, സ്വയം സഹായ സംഘങ്ങൾ, സ്വയംതൊഴിൽ പദ്ധതികൾ, മൈക്രോഫിനാൻസിംഗ്, സ്ത്രീകൾക്കായുള്ള ലീഡർഷിപ്പ് പരിപാടികൾ, പീഡനത്തിനിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള അഭയകേന്ദ്രം തുടങ്ങി നിരവധി സ്ഥാപനങ്ങൾ തുടങ്ങാൻ ശാന്താദാസിന് കഴിഞ്ഞിട്ടുണ്ട്.

2002ൽ സംയുക്ത എന്ന പേരിൽ വനിതകളുടെ പുതിയ കൂട്ടായ്മയ്ക്ക് രൂപം നൽകുകയും അതിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായും പ്രവർത്തിച്ചു. പിന്നീട് ഇത് ആൾ ഇന്ത്യാ വുമൺസ് കോൺഫറൻസ് എന്ന പേരിൽ പ്രസിദ്ധമാവുകയും ചെയ്തു.

കേന്ദ്ര എനർജി ഡിപ്പാർട്ട്മെന്റിന്റെ സ്റ്റേറ്റ് ലെവൽമെമ്പർ, ആൾ ഇന്ത്യാ വുമൺ കോൺഫറൻസിന്റെ വൈസ് പ്രസിഡന്റും സോണൽ ഓർഗന്നെസർ എന്നീ നിലകളിൽ പ്രവർത്തിക്കുമ്പോളാണ് വിധി ശാന്താദാസിനെ തട്ടിയെടുത്തത്. ശാന്താദാസിന്റെ വനിതാക്ഷേമ പ്രവർത്തനങ്ങളെ മുൻ നിറുത്തി കേരള കൗമുദി 'മാധവി സുകുമാരൻ' പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ 5നാണ് ക്രിസ്തുദാസ് കുഴഞ്ഞുവീണ് മരിച്ചത്. ഭർത്താവ് മരിച്ച് 21ാം നാളിൽ തന്നെ ശാന്താദാസും മരിച്ചതോടെ സമൂഹ നന്മയ്ക്കും സാമൂഹ്യ സാംസ്കാരിക രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്ന മാതൃകാ ദമ്പതികളെയാണ് സമൂഹത്തിന് നഷ്ടമായത്.