പെരുമ്പാവൂർ: രണ്ടു പതിറ്റാണ്ടായി പൂട്ടിക്കിടക്കുന്ന ട്രാവൻകൂർ റയോൺസ് കമ്പനിയിലെ കാട് സമീപ പ്രദേശ വാസികളുടെ സ്വൈര്യജീവിതം തകർക്കുന്നു. ചുറ്റുമതിൽ ചിലയിടങ്ങളിൽ ഇടിഞ്ഞു വീണും ചില ഭാഗങ്ങളിൽ അപകടമാം വിധം ഇടിഞ്ഞു വീഴാറായ അവസ്ഥയിലുമാണ്. കമ്പനി കോമ്പൗണ്ടിലെ കൂറ്റൻ വൃക്ഷങ്ങളുടെ ശിഖരങ്ങൾ പുറത്തേക്ക് വളർന്ന് സമീപത്തെ വീടുകൾക്ക് മുകളിലേക്കും പൊതുവഴിയിലൂടെ യാത്ര ചെയ്യുന്നവർക്കും അപകടമുണ്ടാക്കും വിധമാണ്. മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റുന്നതിനും, ഇടിഞ്ഞുവീഴാറായ ചുറ്റു മതിലിന്റെ ഭാഗങ്ങൾ അറ്റകുറ്റപണി ചെയ്ത് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വർഷങ്ങളായി പൂട്ടികിടക്കുന്ന കമ്പനിക്കകത്തെ കാട്ടിൽ നിന്ന് കൊടും വിഷമുള്ള പാമ്പുകൾ ഉൾപ്പെടെയുള്ള ജീവികൾ ചുറ്റു മതിലിന്റെ തകർന്ന ഭാഗങ്ങളിലൂടെയും മറ്റും പുറത്തേക്കിറങ്ങി ജനവാസകേന്ദ്രങ്ങളിൽ പ്രവേശിക്കുന്നത് നിത്യസംഭവമാണ്. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ പരിഗണന നൽകി കാട് വെട്ടിയും മതിൽ പണികഴിപ്പിച്ചും പരിഹരിക്കണമെന്ന് കോൺഗ്രസ് അംഗങ്ങൾ യോഗം കൂടി ആവശ്യപ്പെട്ടു. ബൂത്ത് പ്രസിഡന്റ് എൻ.എ ഹസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.എ മൻസൂർ സ്വാഗതവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ.എ റഹീം, വി.ഇ റഹീം,താരിഷ് ഹസ്സൻ, എ.എ അലി, എൻ.എച്ച് നവാസ്, എൻ.എ മൊയ്തീൻ, അജ്മൽ, എൻ.എ പരീത്, എം.പി ഷെഫീക്ക് തുടങ്ങിയവർ പങ്കെടുത്തു.