thripparappu

തിരുവനന്തപുരം: ജില്ലയിൽ മൂന്ന് ദിവസമായി തുടരുന്ന മഴയ്ക്ക് ഇന്ന് നേരിയ ശമനം. കഴിഞ്ഞ ദിവസങ്ങളിൽ കാറ്റിലും മഴയിലുമായി പലയിടത്തും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി. ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റും കാലവർഷത്തിന് അനുകൂലമായ സാഹചര്യവുമാണ് ജില്ലയിലും മഴ കനക്കാൻ ഇടയാക്കിയത്. ജില്ലയിൽ ഇന്ന് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്. പലയിടത്തും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കരമന, കിള്ളിയാറുകൾ കരകവിഞ്ഞു. പൂജപ്പുര, തമ്പാനൂർ, മണക്കാട്, കുരിയാത്തി, വെള്ളയമ്പലം, വട്ടിയൂർക്കാവ് എന്നീ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരപ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വൈദ്യുതി ബന്ധം തകരാറിലായി.

കല്ലാട്ടുമുക്ക് പ്രദേശത്ത് വെള്ളം കയറി. നിലവിൽ നെയ്യാർ നദി 95 മീറ്റർ ഉയരത്തിലാണെന്നാണ് ഇന്നലെ രാവിലെ ആറരയ്ക്ക് രേഖപ്പെടുത്തിയ കണക്ക്. അതേസമയം അരുവിക്കര ഡാമിന്റെ മൂന്നു ഷട്ടറുകൾ ഉയർത്തി. മൂന്നാമത്തെ ഷട്ടർ 120 സെന്റിമീറ്ററും നാലും അഞ്ചും ഷട്ടറുകൾ 100 സെന്റിമീറ്റർ വരെയുമാണ് ഉയർത്തിയത്. നിലവിൽ 46.36 മീറ്റർ ഉയരത്തിലാണ് ജലമുള്ളത്. കണ്ണമ്മൂല വടയക്കാട് ഫ്ളാറ്റ് നിർമ്മാണത്തിനിടെ പ്രാചീനവും പ്രസിദ്ധവുമായ കറുവാലിക്കുന്ന് ഇടിഞ്ഞുവീണു.

കനത്ത മഴയിൽ നിർമ്മാണത്തിലിരുന്ന വിതുര മണലി പാലം തകർന്നു. മലയോര മേഖലയിലെ കനത്ത മഴമൂലം അടിപറമ്പിൽ ഒരു വീട് തകർന്നു. തൊളിക്കോട് വില്ലേജിൽ വലിയകൈത ഒരു വീട് ഭാഗികമായി തകർന്നു. വിതുരയിൽ നിന്നും പെരിങ്ങമല ഭാഗത്തേക്കുള്ള യാത്ര പൂർണമായി നിലച്ചു. പ്രദേശത്തെ പൊന്നാംചുണ്ട് പാലത്തിലും ചെറ്റച്ചൽ പാലത്തിലും വെള്ളം കയറി. ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 25 ഏക്കറോളം കൃഷിനാശവും സംഭവിച്ചു. വർക്കലയിൽ ഒരു വീട് തകർന്നു. തീരത്ത് കടലാക്രമണവും കടൽകയറ്റവും രൂക്ഷമാണ്. ആറ്റിപ്രയിൽ ആൽമരം കടപുഴകി കാര്യവട്ടം അരശുംമൂട് റോഡിൽ ഗതാഗതം തടസപ്പെട്ടു. വൈദ്യുതി പോസ്റ്റുകൾ തകർന്നു.

 കന്യാകുമാരിയിലും മഴ തുടരുന്നു

യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കന്യാകുമാരി ജില്ലയിൽ തിങ്കളാഴ്ച ആരംഭിച്ച മഴ തുടരുകയണ്. ശക്തമായ കാറ്റും മഴയും ജനങ്ങൾക്ക് ആശങ്ക ഉയർത്തുന്നുണ്ട്. മയിലാടിയിലും പരിസരത്തുമാണ് കൂടുതൽ മഴപെയ്തത്. മണിക്കൂറുകൾ നീണ്ട മഴകാരണം റോഡുകളിലും ജനവാസകേന്ദ്രങ്ങളിലും വെള്ളക്കെട്ട് രൂപപെട്ടു. മഴ കാരണം ജില്ലയൊട്ടാകെ ഇതുവരെ ഇരുന്നറിലധികം വീടുകൾ ഇടിഞ്ഞ് വീണു. ഡാമുകളിലെ ജലനിരപ്പ് ഉയർന്നത് കാരണം ചിറ്റാർ, പെരുഞ്ചാണി, പേച്ചിപ്പർ ഡാമുകൾ തുറന്നു. ചിറ്റാർ ഡാമിൽ നിന്ന് 1578 ഘനയടി ജലവും പെരുഞ്ചാണി ഡാമിൽ നിന്ന് 996 ഘനയടിയും പെച്ചിപ്പാറയിൽ നിന്ന് 6508 ഘനയടിയും മാമ്പലതുറയാറിൽ നിന്ന് 135 ഘനയടിയും മുക്കടൽ ഡാമിൽ നിന്ന് 7 ഘനയടി ജലവുമാണ് തുറന്ന് വിട്ടത്. കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ, പുത്തേരി, കുഴിത്തുറ എന്നീ സ്ഥലങ്ങളിൽ വ്യാപകമായി കൃഷിനാശവുമുണ്ടായിട്ടുണ്ട്. മഴ കാരണം കുഴിത്തുറ, നിദ്രവിള, കുളച്ചൽ എന്നീ സ്ഥലങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറിയതിനാൽ അവിടെയുള്ള ജനങ്ങളെ മാറ്റി പാർപ്പിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അരവിന്ദ് അറിയിച്ചു.