പിറവം: കൊവിഡ് ഭീഷണി നേരിടുകയാണ് കക്കാട് സ്ഥിതിചെയ്യുന്ന ക്രിസ്തുരാജ പ്രയർ സെന്റർ (ബെഗ്ഗർ ഹോം ) എന്ന സ്ഥാപനവും ജയ്സൻ കെ. സ്കറിയ എന്ന ജീവകാരുണ്യ പ്രവർത്തകനും. തെരുവോരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട മാനസികനില തെറ്റിയവരാണ് ഈ അനാഥാലയത്തിലെ അന്തേവാസികൾ. സുമനസുകളുടെ സഹായത്തോടെയാണ് ഇവിടെ ജീവനുകൾ നിലനിൽക്കുന്നത്. പലരും വിവാഹം, വിവാഹവാർഷികം, ജന്മദിനം, വേണ്ടപ്പെട്ടവരുടെ ഓർമ്മദിനം തുടങ്ങിയ പ്രത്യേക അവസരങ്ങളിൽ ഒരുക്കി നൽകുന്ന സദ്യയായിരുന്നു പ്രധാന ആശ്രയം. എന്നാൽ ഇപ്പോൾ സാഹചര്യം മോശമാണ്. 41 അന്തേവാസികളാണ് ഉള്ളത്. ഇവർക്കുള്ള ആഹാരം, വസ്ത്രം, മരുന്ന് തുടങ്ങിയ ദൈനംദിന ആവശ്യങ്ങൾക്ക് നല്ലൊരു തുക അനിവാര്യമാണ്. നിലവിൽ പൊലീസ് നേരിട്ട് എത്തിക്കുന്ന ആളുകളെ മാത്രമാണ് ഇവിടെ സംരക്ഷിച്ചു പോരുന്നത്.
1997ൽ തന്റെ 26ാം വയസ്സിലാണ് ജയ്സൺ ഈ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. അന്ന് തെരുവിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന അനാഥർക്ക് ഭക്ഷണം കൊടുക്കുക പതിവായിരുന്നു. അപ്പോഴാണ് മാനസികനില തെറ്റിയ ഒരു വൃദ്ധൻ വെയിറ്റിംഗ് ഷെഡ്ഡിൽ മലമൂത്ര വിസർജനത്തിൽ കിടക്കുന്നത് കാണുന്നത്. ആ വൃദ്ധനെ വീട്ടിൽ കൊണ്ടുവന്ന് വൃത്തിയാക്കി വീടിനോടു ചേർന്നുള്ള ഷെഡ്‌ഡിൽ കിടത്തി പരിചരണം നൽകി. തൊട്ടടുത്ത ദിവസങ്ങളിൽ സമീപപ്രദേശങ്ങളിൽ നിന്നും ഇതേ അവസ്ഥയിൽ നാലുപേരെ കൂടി കണ്ടെത്തി സംരക്ഷണം ഏറ്റെടുത്തു. അതിന് ശേഷം നിരവധി ആളുകളാണ് ഇത്തരത്തിൽ ഇവിടെ എത്തപ്പെട്ടത്. തുടർന്ന് ക്രിസ്തു രാജ പ്രയർ സെന്റർ (ബെഗ്ഗർ ഹോം) എന്ന പേരിൽ ഒരു അഭയകേന്ദ്രം രജിസ്റ്റർ ചെയ്ത് പ്രവർത്തനം തുടരുകയായിരുന്നു.
''സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ അന്തേവാസികൾ കൊവിഡ് രോഗ ഭീഷണിയും നേരിടുകയാണ്. സാനിറ്റൈസർ, പി.പി.ഇ.കിറ്റ്, മാസ്ക്, കൈയുറ തുടങ്ങിയവ അനിവാര്യമായിട്ടുണ്ട്. ഈ അവസ്ഥ തുടർന്നാൽ രോഗികളും മറ്റുള്ളവരും പ്രതിസന്ധിയിലാകും.''
ജയ്സൺ കെ. സ്കറിയ
സ്ഥാപനത്തിന് സഹായം നൽകാൻ
അക്കൗണ്ട് നമ്പർ: 57025964396,
ബ്രാഞ്ച്: എസ്.ബി.ഐ പിറവം ബ്രാഞ്ച്
ഐ.എഫ്.എസ്.സി:SBIN0070160,
അക്കൗണ്ട് നെയിം: ക്രിസ്തുരാജ പ്രയർ സെന്റർ