tly

തലശ്ശേരി: ഉത്തര കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനായ തലശ്ശേരിയിൽ ഇനി യാത്രക്കാർക്ക് കാത്തിരിപ്പ് വിരസമാകില്ല.വൈവിധ്യമാർന്ന വർണ്ണങ്ങളിലും സുഗന്ധങ്ങളുള്ള പൂക്കളും കണ്ണിന് കുളിരേകും. വർണ്ണച്ചെടികളും യാത്രക്കാരെ മാടി വിളിക്കുകയാണിവിടെ. ആദ്യ കരിവണ്ടി ഓടിയ കാലം മുതൽ സഞ്ചാരികളുടെ ഹൃദയം കവർന്ന പൈതൃക നഗരത്തിന്റെ പ്രകൃതി ലാവണ്യത്തിന് കുങ്കമം ചാർത്തുകയാണ് റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയ കമനീയമായ ഈ ഉദ്യാനം.

കൊവിഡ് കാലത്തെ വിരസത അകറ്റാൻ റെയിൽവെ ജീവനക്കാരുടെ മനസിൽ തോന്നിയതാണ് പ്ലാറ്റ്ഫോമിൽ ചെടികൾ നട്ടുപിടിപ്പിക്കാൻ. സ്റ്റേഷൻ സൂപ്രണ്ട് പി.സി. ദിനേശ് കുമാറിന്റെ മനസിൽ മൊട്ടിട്ട ആശയത്തിനെ ജീവനക്കാരും ആർ.പി.എഫ് ഉദ്യോഗസ്ഥരും പിന്തുണച്ചതോടെ റെയിൽവെ പ്ലേറ്റ് ഫോം ഒരു മലർവാടിയായി മാറി. സൂപ്രണ്ട് ദിനേശ് കുമാർ വീട്ടിൽ നിന്ന് കൊണ്ടുവന്ന ചെടികളാണ് നട്ട് പിടിപ്പിച്ചത്. ജീവനക്കാരും ആർ.പി.എഫ് ഉദ്യോഗസ്ഥരും കൈകോർത്തതോടെ ഇത് മനോഹരമായ കാഴ്ചയുടെ ഇടമായി മാറി. സ്റ്റേഷൻ മാനേജർ വി.വി. രമേശ് ബാബു, സ്റ്റേഷൻ മാസ്റ്റർമാരായ മിഥുൻ, രജീഷ് എന്നിവരുടെ നേതൃത്വത്തിൽ 10 ഓളം പേർ ചെടികൾ സംരക്ഷിക്കാനുണ്ട്. രണ്ട് നേരവും വെള്ളമൊഴിച്ച് ഇത് സംരക്ഷിക്കുന്നുണ്ട്. രണ്ടാം പ്ലാറ്റ്‌ഫോമിൽ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് മുതൽ പ്ലാറ്റ്‌ഫോമിലെ പ്രവേശന കവാടം വരെയാണ് ചെടികളുടെയും പൂക്കളുടെയും കാഴ്ച.