prof-sathyaprakasam

കഴിഞ്ഞ മേയ് 22 ശനിയാഴ്ച കർമ്മനിരതമായ ജീവിതത്തോട് വിടപറഞ്ഞ പ്രൊഫ. സത്യപ്രകാശം വ്യത്യസ്തനായ മഹാപ്രതിഭയായിരുന്നു. എഴുപതിലധികം രചനകൾ നടത്തി എന്നതിലുപരി തന്റെ പിൻതലമുറയ്ക്ക് കലാസാഹിത്യരംഗത്ത് ശരിയായ ദിശാബോധം പകർന്നു നൽകാൻ അദ്ദേഹം കാണിച്ച ശുഷ്‌കാന്തിയും ആത്മാർത്ഥതയും വേറിട്ടൊരു വ്യക്തിത്വമായി കാണാൻ ഇടയാക്കി.

ചുണ്ടിൽ സ്വർണക്കരണ്ടിയുമായി ജനിച്ചയാളാണ് പ്രൊഫ. സത്യപ്രകാശം . കർണാടക സംഗീതത്തിലും കഥകളിയിലുമൊക്കെ സാമാന്യത്തിൽ കവിഞ്ഞ പരിജ്ഞാനമുണ്ടായിരുന്നു അദ്ദേഹത്തിന്റെ പിതാവിന്. ഇംഗ്ളീഷ് ഭാഷയിലും സാഹിത്യത്തിലും ആഴത്തിൽ അറിവുണ്ടായിരുന്ന പിതൃസഹോദരനും ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രത്യേകിച്ച് തന്റെ സ്വന്തം വിഷയമായ ധനതത്വശാസ്ത്രത്തിൽ അദ്ധ്യാപകനും ഗവേഷകനും എന്ന നിലയിൽ പ്രസിദ്ധിയാർജ്ജിച്ച ജ്യേഷ്ഠസഹോദരനുമൊക്കെ ഉൾപ്പെടുന്ന ഉന്നതമായ സാംസ്കാരിക പൈതൃകം അദ്ദേഹത്തിന്റെ അറിവും ചിന്താഗതിയും വിശാലമാക്കാൻ സഹായിച്ചു..

ഇംഗ്ളീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടി വിവിധ കലാലയങ്ങളിൽ അദ്ധ്യാപനം നടത്തുമ്പോഴും മലയാളഭാഷയെ നെഞ്ചോട് ചേർത്തുപിടിച്ചതിന്റെ ഫലമായി വൈവിദ്ധ്യമാർന്ന മലയാള കൃതികൾ അദ്ദേഹത്തിന്റെ തൂലികയിൽ പിറക്കാൻ ഇടയായി. ആദ്യകാലത്തൊക്കെ ഒരു ജീവചരിത്രകാരനായിട്ടാണ് പ്രൊഫ. സത്യപ്രകാശം അറിയപ്പെട്ടിരുന്നത്. ശ്രീനാരായണ ഗുരുദേവൻ ,സരസകവി മൂലൂർ എസ്. പത്മനാഭപ്പണിക്കർ, മഹാകവി എം.പി. അപ്പൻ തുടങ്ങി നിരവധി മഹാരഥന്മാരുടെ ജീവിതകഥയും സന്ദേശങ്ങളും ദർശനങ്ങളും ലളിതമായ ഭാഷയിൽ കൈരളിക്ക് സംഭാവന ചെയ്ത പ്രൊഫ. സത്യപ്രകാശം ഒരു സാഹിത്യ ഗവേഷകൻ കൂടിയായിരുന്നു. അദ്ദേഹം നടത്തിയ പഠനങ്ങളിലൂടെ പുറത്തുവന്ന; അനശ്വര ചിന്തകൾ, ഗുരുദേവചിന്താപ്രവാഹം, ആശാന്റെ ശില്പശാല, ചിന്താസൗരഭം തുടങ്ങിയ പ്രസിദ്ധമായ കൃതികൾ ഈ ഗണത്തിൽപ്പെടുന്നവയാണ്.

ജീവചരിത്രഗ്രന്ഥങ്ങൾ രചിക്കുന്നതിൽ ആദ്യകാലത്ത് ശ്രദ്ധ കേന്ദ്രീകരിച്ച പ്രൊഫ. സത്യപ്രകാശം പിൽക്കാലത്ത് മറ്റു സാഹിത്യശാഖകളിലും ശ്രദ്ധേയമായ രചനകൾ നടത്തി. തകർന്ന തംബുരു, ആഴിയുടെ മകൾ, പത്മതീർത്ഥം, സ്നേഹതീരം തേടി, ശില്പി തുടങ്ങിയവ സാഹിത്യാസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റിയ നോവലുകളായിരുന്നു. ആത്മാവ് അനശ്വരമാണ്, ഇലക്ഷൻ തുടങ്ങിയവ കഥാസമാഹാരങ്ങളും.

നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. വിവേകോദയം പുരസ്കാരം, ഡോ. അംബേദ്‌കർ പുരസ്കാരം, അദ്ധ്യാപക - കലാ - സാഹിത്യ അവാർഡ് തുടങ്ങിയവ അവയിൽ ചിലതു മാത്രമാണ്.

എല്ലാ മനുഷ്യരിലും അടങ്ങിയിരിക്കുന്ന ഈശ്വരീയതയാണ് അവരുടെ സർഗസിദ്ധികളെന്ന് വിശ്വസിച്ചിരുന്ന തികഞ്ഞ ഗുരുദേവഭക്തനായിരുന്നു പ്രൊഫ. സത്യപ്രകാശം. തനിക്കു ചുറ്റുമുള്ളവരുടെ സർഗസിദ്ധികൾ അനാവരണം ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പ്രൊഫ. സത്യപ്രകാശം പല പ്രസ്ഥാനങ്ങളും രൂപകല്പന ചെയ്തതതും പ്രവർത്തനസജ്ജമാക്കിയതും. വർക്കല ആർട്സ് ഫോറവും തിരുവനന്തപുരം സഹൃദയവേദിയും കൊല്ലം ഗുരുദേവ കലാവേദിയും അവയിൽ ശ്രദ്ധേയമാണ്.

യുവസാഹിത്യകാരന്മാർക്കു വേണ്ടി അദ്ദേഹം തുടങ്ങിവച്ച നൂറുകണക്കിന് കവിയരങ്ങുകളും സാഹിത്യശില്പശാലകളും നിരവധി എഴുത്തുകാർക്കും കവികൾക്കും കലാകാരന്മാർക്കും പരിശീലനക്കളരിയായി മാറി.

ശ്രീനാരായണ ഗുരുദേവനോടും ഗുരുദേവ ദർശനങ്ങളോടും പ്രൊഫ. സത്യപ്രകാശത്തിനുണ്ടായിരുന്ന ആദരവ് വർണനാതീതമാണ്. ഗുരുദേവന്റെ ജീവചരിത്രകാരൻ എന്നതിലുപരി ഗുരുദേവന്റെ സതീർത്ഥ്യനും സാഹിത്യകാരനുമായിരുന്ന സരസകവി മൂലൂർ എസ്. പത്മനാഭപ്പണിക്കരുടെ നാമധേയത്തിലും അദ്ദേഹം ഇലവുംതിട്ടയിലും ചാത്തന്നൂരിലും സാംസ്കാരികവേദികൾ തീർത്തു.

പ്രൊഫ. സത്യപ്രകാശത്തിന്റെ പാത പിന്തുടരുകയും ഓർമ്മ നിലനിറുത്തുകയും ചെയ്യേണ്ടത് യുവതലമുറയുടെ കടമയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.


(ലേഖകൻ കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലറാണ് )