nursing-students

ദുബായിലെ സർക്കാർ ആശുപത്രികളിൽ കൊവിഡ് വാക്സിനേഷൻ നൽകാൻ നഴ്‌സുമാരെ ആവശ്യമുണ്ടെന്ന് പരസ്യം നൽകി നിരവധി പേരുടെ പക്കൽനിന്നും ലക്ഷങ്ങൾ തട്ടിയ ഒരു സംഘം അടുത്തിടെ കേരളത്തിൽ പിടിയിലായി. എറണാകുളം ആസാദ് റോഡിൽ പ്രവർത്തിച്ചിരുന്ന ടേക്ക് ഒഫ് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഉടമ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലാവുകയും ചെയ്തു. ഇതോടെ റിക്രൂട്ട്‌മെന്റ് തട്ടിപ്പ് അവസാനിക്കുമെന്ന് ആരും കരുതുന്നില്ല. വേറൊരു പേരിൽ മറ്റൊരു സംഘം വലിയ താമസമില്ലാതെ മുളച്ച് വരും. അവരുടെ വലയിലും ഒരുപിടി നഴ്‌സുമാർ വീഴും. ഗതികെട്ട് ഒരു രക്ഷയുമില്ലാതെ വരുമ്പോഴാണ് പലരും പരാതി നൽകുന്നത്.

റിക്രൂട്ട്‌മെന്റ് ഏജൻസി മാർച്ച് പകുതിയോടെയാണ് അഞ്ഞൂറോളം നഴ്‌സുമാരെ ദുബായിൽ എത്തിച്ചത്. ഒരു മുറിയിൽ 15 പേരെ വരെ താമസിപ്പിച്ചു. ദുബായിലെത്തിയാൽ 30 ദിവസത്തിനകം ജോലി കിട്ടുമെന്നും ഒന്നരലക്ഷം രൂപ ശമ്പളത്തിന് പുറമെ താമസം സൗജന്യമായിരിക്കുമെന്നുമാണ് വാഗ്ദാനം നൽകിയിരുന്നത്. രണ്ടുമാസം കഴിഞ്ഞിട്ടും ജോലി കിട്ടാതെ വന്നപ്പോൾ വാക്സിനേഷൻ അവസരം തീർന്നെന്നും ഹോം കെയർ, ഹോം നഴ്‌സിംഗ് തുടങ്ങിയ ജോലികൾ വേണ്ടവർക്ക് അത് സ്വീകരിക്കാമെന്നും തട്ടിപ്പുകാർ പറഞ്ഞു. വീട്ടിലെ സ്ഥിതി തീരെ പരിതാപകരമായിട്ടുള്ളവർ അത് സ്വീകരിച്ചു. വെറും വീട്ടുജോലിയാണ് ലഭിച്ചത്. ശമ്പളം തീരെ കുറവും. ബഹുഭൂരിപക്ഷത്തിനും ഒരു ജോലിയും ലഭിച്ചില്ല. അവർ മുഖ്യമന്ത്രി, ഡി.ജി.പി, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ തുടങ്ങിയവർക്ക് പരാതി ഇ- മെയിൽ ചെയ്തതിനെത്തുടർന്നാണ് കേസുണ്ടായതും അറസ്റ്റ് നടന്നതും. ഈ പശ്ചാത്തലത്തിൽ തട്ടിപ്പിനിരയാകുന്നതിന് മുമ്പ് ഇവരെ രക്ഷിക്കാനുള്ള നിയമ നടപടികളാണ് നോർക്കയും പ്രവാസി വകുപ്പും മറ്റും കൈക്കൊള്ളേണ്ടത്. നോർക്കയുടെ വെബ്‌സൈറ്റിൽ റിക്രൂട്ട്‌മെന്റ് നടത്താൻ വിദേശമന്ത്രാലയം അക്രഡിറ്റേഷൻ നൽകിയിട്ടുള്ള അഞ്ഞൂറിലധികം ഏജൻസികളുടെ പേരുവിവരങ്ങളുണ്ട്. അത് ഉദ്യോഗാർത്ഥിക്ക് പരിശോധിക്കാവുന്നതാണ്. ഇതിൽ പെടാത്തവരുടെ കൈയിൽ പോയി വീഴുന്നവരാണ് തട്ടിപ്പിനിരയാകുന്നത്. ഇത്തരം ഏജൻസികൾ നൽകുന്ന പരസ്യങ്ങളും നോർക്കയുടെ അധികൃതർ ഇനി മുതൽ നിരീക്ഷണത്തിന് വിധേയമാക്കണം. തട്ടിപ്പിന് മുൻപ് തന്നെ അത് തടയാൻ കഴിയുമെങ്കിൽ ഇത്തരം തട്ടിപ്പുകൾ ഒരു പരിധിവരെ തടയാനാകും.

ഒരാൾക്ക് യു.എ.ഇയിൽ ജോലി ലഭിക്കണമെങ്കിൽ ഔദ്യോഗികമായി ഒപ്പുവയ്ക്കപ്പെട്ട ഓഫർ ലെറ്റർ ലഭിച്ചിരിക്കണം. ഇതിന് ആദ്യം ടെക്നിക്കൽ ഇന്റർവ്യൂവും പിന്നീട് എച്ച്. ആർ. വിഭാഗം നടത്തുന്ന ഇന്റർവ്യൂവും പാസാകണം. ഓഫർ ലെറ്റർ ലഭിച്ചാലും ജോലിയിൽ പ്രവേശിക്കാൻ എംപ്ളോയ്‌മെന്റ് വിസ വേണം. തൊഴിൽ മന്ത്രാലയത്തിന്റെ ഓഫർ ലെറ്ററിൽ ശമ്പളം ഉൾപ്പെടെയുള്ള അർഹമായ അവകാശങ്ങൾ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ടാകും. ഈ നടപടികൾ എല്ലാം പൂർത്തിയായാലേ വിശ്വാസയോഗ്യമായ ജോലി ലഭിച്ചെന്ന് സ്ഥിരീകരിക്കാനാവൂ. യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിൽ ജോലിക്ക് അപേക്ഷിക്കുമ്പോൾ അവിടത്തെ കമ്പനി അധികൃതരുമായി വെബ്‌സൈറ്റുകളിലെ കരിയർ ലിങ്കുകളിലൂടെ ബന്ധപ്പെടണം. ലോണെടുത്ത് നഴ്സിംഗ് പഠനം പൂർത്തിയാക്കി കടം തീർക്കാൻ ഒരു ജോലിക്ക് കാത്തിരിക്കുന്നവർ പരസ്യങ്ങളിലെ മോഹനവാഗ്ദാനങ്ങളിൽ പെട്ടെന്ന് വീണുപോകും. പണം ഈടാക്കിയുള്ള റിക്രൂട്ട്‌മെന്റ് നടപടികൾ പ്രവാസി വകുപ്പ് നിയമം മൂലം നിരോധിക്കണം. ഇത്തരം നടപടികൾ കാലോചിതമായി കൈക്കൊണ്ടില്ലെങ്കിൽ തട്ടിപ്പ് കഥകൾ ഇനിയും ആവർത്തിക്കാതിരിക്കില്ല.