കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ കൊവിഡ് രോഗ വ്യാപനം ആശങ്കാജനകമായി ഉയരുന്നതിനാൽ നിയന്ത്രണങ്ങൾ ശക്തമാക്കി അധികൃതർ. പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചെങ്കിലും നിയന്ത്രണങ്ങൾ പാളിയതാണ് രോഗവ്യാപനം കൂടാൻ കാരണമെന്നാണ് ആക്ഷേപം.

ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ചവർ പുറത്തിറങ്ങി നടക്കുന്നതും രോഗ വ്യാപനം കൂടാൻ കാരണമായി. എന്നാൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് ആഹാരമോ മറ്റ് അത്യാവശ്യസാധനങ്ങളോ എത്തിക്കുന്നില്ലെന്നും ആരും ഇവരെ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതിയുണ്ട്. ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയരായ 829 പേരുടെ റിസൾട്ട് ഇന്നറിയാം.

നിയന്ത്രണം കടുപ്പിക്കും

രോഗവ്യാപനവും മരണനിരക്കും കൂടുന്നതിനാൽ പഞ്ചായത്തും ആരോഗ്യ പ്രവർത്തകരും പൊലീസും സംയുക്തമായി വരും ദിവസങ്ങളിൽ നിയന്ത്രണം കടുപ്പിക്കും. റേഷൻകടയും മെഡിക്കൽ സ്റ്റോറും ഒഴിച്ച് പഞ്ചായത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ഉച്ചയ്ക്ക് 2 മണിക്ക് അടച്ചു പൂട്ടണമെന്നും ക്വാറന്റൈൻ ലംഘനത്തിന് നിയമനടപടി സ്വീകരിക്കുമെന്നും ആർ.ടി.പി.സി ടെസ്റ്റിന് വിധേയരായി നെഗറ്റീവ് സ്ഥിരീകരിച്ചവരോ രണ്ടു ഡോസ് വാക്സിൻ എടുത്തവരോ മാത്രമേ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ പാടുള്ളൂവെന്നും അധികൃതർ അറിയിച്ചു. പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കൊവിഡ് പോസിറ്റീവ് കേസുകളുള്ള വാർഡായി ഇരുപത്തിയെട്ടാംമൈൽ വാർഡ് മാറിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന വാർഡ്തല ജാഗ്രത സമിതി യോഗത്തിലാണ് തീരുമാനം. രോഗികളെ ഡൊമിസിലിയറി കെയർ സെന്ററിലേക്ക് മാറ്റാനും, വാർഡുതല ക്ലസ്റ്റർ തിരിച്ച് പ്രവർത്തനം സജീവമാക്കാനും തീരുമാനിച്ചു. വാർഡ് മെമ്പർ പൈവേലിക്കോണം ബിജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥൻ സുനിൽ കുമാർ, അനിത, ജെ.എച്ച്.ഐ രാകേഷ്, ജാഗ്രത സമിതി അംഗങ്ങളായ രമ്യ ടീച്ചർ, ശിവകുമാർ, സുദേവൻ, പത്മാസ് സന്തോഷ്, പ്രജീഷ്, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.