വിഷ്ണുനാഥ് നിയമസഭാകക്ഷി സെക്രട്ടറി
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ ചീഫ് വിപ്പായി കേരള കോൺഗ്രസിലെ മോൻസ് ജോസഫിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേർന്ന യു.ഡി.എഫ് നിയമസഭാകക്ഷി യോഗത്തിലെ തീരുമാനം ഇന്നലെയാണ് നേതൃത്വം പ്രഖ്യാപിച്ചത്. യു.ഡി.എഫ് നിയമസഭാകക്ഷി സെക്രട്ടറിയായി പി.സി. വിഷ്ണുനാഥിനെയും ട്രഷററായി അനൂപ് ജേക്കബിനെയും തിരഞ്ഞെടുത്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അദ്ധ്യക്ഷതയിൽ നിയമസഭാസമുച്ചയത്തിൽ ചേർന്ന പ്രഥമ യോഗത്തിൽ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, ഡോ. എം.കെ. മുനീർ, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ എന്നിവർ സംസാരിച്ചു. നിയമസഭയിൽ ക്രിയാത്മക പ്രതിപക്ഷമായി യു.ഡി.എഫിനെ ശക്തിപ്പെടുത്താൻ മുഴുവൻ എം.എൽ.എമാരുടെയും സഹകരണം പ്രതിപക്ഷ നേതാവ് യോഗത്തിൽ അഭ്യർത്ഥിച്ചു.