തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടി സാംസ്‌കാരിക അധിനിവേശമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജവഹർലാൽ നെഹ്‌റുവിന്റെ 57-ാം ചരമദിനാചരണത്തിന്റെ ഭാഗമായി ഇന്ദിരാഭവനിൽ പുഷ്പാർച്ചനയ്ക്ക് ശേഷം കെ.പി.സി.സി ന്യൂനപക്ഷ വിഭാഗത്തിന്റെ നേതൃത്വത്തിൽ ലക്ഷദ്വീപിലെ കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച ഐക്യദാർഢ്യ സൂചനാസത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദിയുടെ വിശ്വസ്തനായ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ കിരാതനിയമങ്ങൾ പാസാക്കി ദ്വീപ്‌ നിവാസികളെ കാരാഗൃഹത്തിലടയ്ക്കുകയാണ്. എ.ഐ.സി.സി സംഘത്തിന് ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നിഷേധിച്ച നടപടി ഫാസിസമാണ്. അഡ്മിനിസ്‌ട്രേറ്റർ ലക്ഷദ്വീപിന്റെ പൈതൃകം തകർക്കരുതെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, എം.എം. ഹസൻ, കെ. മുരളീധരൻ എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ, മണക്കാട് സുരേഷ്, രതികുമാർ, കെ.പി.സി.സി ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, പന്തളം സുധാകരൻ, കെ. മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.