പാറശാല: വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മണ്ണിനടിയിലായ അച്ഛനെയും മകനെയും ഫയർഫോഴ്‌സ് രക്ഷിച്ചു. വെള്ളറട വാഴിച്ചൽ ഇടവച്ചാലിലാണ് മണ്ണിടിച്ചിലുണ്ടായത്. കഴിഞ്ഞ ദിവസം വെളുപ്പിന് മൂന്ന് മണിക്കാണ് സംഭവം. പന്ത ഇടവച്ചാൽപാറപ്പുറത്ത് പറമ്പിൽ അഗസ്റ്റിൻ (66), മകൻ വിജേഷ് (36) എന്നിവരാണ് മുപ്പത് അടിയോളം പൊക്കത്തിൽ ഉണ്ടായിരുന്ന മൺകൂന ഇടിഞ്ഞ് വീണ് ശരീരത്തിന്റെ പകുതിയോളം ഭാഗം മണ്ണിനടിൽ അകപ്പെട്ടത്.

ശബ്ദം കേട്ട്നാട്ടുകർ എത്തിയപ്പോൾ ഇരുവരും ചെളിയിൽ പുതഞ്ഞനിലയിലായിരുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പാറശാല, കാട്ടാക്കട, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നും എത്തിയ ഫയർഫോഴ്‌സ് സംഘം ചേർന്ന് രക്ഷിക്കുകയായിരുന്നു. ഇരുവരെയും കാട്ടാക്കട ആശുപത്രിയിലേക്ക് മാറ്റി. പാറശാല ഫയർസ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ കെ.വി. സുനിൽ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ രതീഷ് ചന്ദ്രൻ, ഫയർമാൻ ഡ്രൈവർ തുമ്പുപ്രസാദ്‌, ഫയർമാന്മാരായ സച്ചിൻ, അരുൺജിത്ത്, ജോളിദാസ്‌, അനീഷ്, ഹോം ഗാർഡ് ബിജുകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.