may27b

ആറ്റിങ്ങൽ: ശക്തമായ മഴയിലും കാറ്റിലും ആറ്റിങ്ങൽ പ്രദേശത്ത് വീണ്ടും നാശനഷ്ടം. മേയ് 13 മുതൽ ആരംഭിച്ച മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിലാണ്. വാമനപുരം,​ മാമം നദികളിൽ ജലനിരപ്പ് ക്രമാതിതമായി ഉയർന്നു. നിരവധി ഇടങ്ങളിൽ കൃഷി നാശവും സംഭവിച്ചു. പാടശേഖരങ്ങളിലെ പച്ചക്കറി,​ മരച്ചീനി,​ വാഴ കൃഷികൾ നശിച്ചു. നഗരസഭയുടെ സാമ്പത്തിക സഹായത്തോടെ മിക്ക കുളങ്ങളിലും മത്സ്യ കൃഷി നടത്തിയിരുന്നു. പല കുളങ്ങളും നിറഞ്ഞുകവിഞ്ഞ് മത്സ്യങ്ങൾ പുറത്തുപോയി. ഇത് കർഷകർക്ക് വലിയ നഷ്ടം വരുത്തിയിരിക്കുകയാണ്.

തോടുകൾ നികത്തി സ്വകാര്യവക്തികൾ കൈവശപ്പെടുത്തിയ സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. അവനവഞ്ചേരി അള്ളൂർ ഏലായിലെ തോടിന്റെ പലഭാഗങ്ങളും നികന്നതിനാൽ വെള്ളം ഒഴുകിപ്പോകാതെ ഉയരുകയാണ്. വീടുകളുടെ സമീപത്തുവരെ വെള്ളമെത്തി. നാട്ടുകാർ ഭീതിയിലാണ്. ഇവിടെ ഇരുപതോളം പേർ പച്ചക്കറിയും മരച്ചീനിയും വാഴകൃഷിയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മഴയത്ത് വെള്ളം കയറി കുറേ നഷ്ടം സംഭവിച്ചതിന് പുറമേയാണ് ഇപ്പോഴത്തെ നഷ്ടവും. വെള്ളക്കെട്ട് തുടർന്നാൽ ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടാകുമെന്നാണ് കർഷകർ പറയുന്നത്.

8 വീടുകൾ ഭാഗികമായി തകർന്നു

ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്കിൽ വെള്ളപ്പൊക്ക ഭീഷണിയെത്തുടർന്ന് 41 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അഞ്ചുതെങ്ങ് ബി.ബി.എൽ.പി.എസ്,​ അഞ്ചുതെങ്ങ് സെന്റ് ജോസഫ് എച്ച്.എസ്.എസ്,​ കൂന്തള്ളൂർ പടനിലം ജി.എൽ.പി.എസ്,​ ആറ്റിങ്ങൽ വിദ്യാധിരാജ ഇംഗ്ളീഷ് മീഡിയം സ്കൂൾ,​ ആറ്റിങ്ങൽ കുന്നുവാരം യു.പി.എസ് എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചത്. മഴ കുറഞ്ഞതോടെ ചില ക്യാമ്പുകളിൽ കഴിഞ്ഞവർ വീടുകളിലേക്ക് മടങ്ങി.

താലൂക്കിൽ 8 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചതായി തഹസിൽദാർ അറിയിച്ചു. അഴൂർ വില്ലേജിൽ ശോഭനയുടെ എ.എസ്. ഭവനം,​ വെള്ളൂർ ഊന്നൻ കല്ലിൽ സുനിലിന്റെ സ്നേഹ ഭവനം,​ കിഴുവിലം പഞ്ചായത്തിൽ ശ്രുതിയുടെ എം.എസ് ഭവനം,​ കുഴിയിൽമുക്ക് ഷീലയുടെ കൊച്ചു കടമ്പറവീട്,​ ഇടയ്ക്കോട് വില്ലേജിൽ തുളസിയുടെ ടി.എസ്. ഭവൻ എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം സംഭവിച്ചതെന്ന് ഡെപ്യൂട്ടി തഹസിൽദാർ വേണു പറഞ്ഞു. രണ്ടു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.

അവനവഞ്ചേരി വില്ലേജിൽ കൊട്ടിയേട് പണ്ടു വിളാകം കോളനി വെള്ളത്തിലായി. വാമനപുരം നദിയിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നതാണ് കാരണം. ഇവിടെയുള്ളവരെയാണ് വിദ്യാധിരാജ സ്കൂളിലും കുന്നുവാരം യു.പി.എസിലും പാർപ്പിച്ചിരിക്കുന്നത്. നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ എസ്. ഷീജ, ഗിരിജ,​ വാർഡ് കൗൺസിലർ ആർ. രാജു, കൗൺസിലർമാരായ എസ്. സുഖിൽ, വി.എസ്. നിതിൻ, സംഗീതറാണി, വില്ലേജ് ഓഫീസർ മനോജ്, ഫീൽഡ് അസിസ്റ്റൻഡ് മനോജ്, ജെ.എച്ച്.ഐ ആരീഷ്, നഗരസഭ വോളന്റിയർമാർ, പൊലീസ്, ഫയർ ആൻഡ് റസ്ക്യൂ സർവീസ് എന്നിവരടങ്ങുന്ന സംഘമാണ് പണ്ടുവിളാകം കോളനിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

ദുരിതാശ്വാസ ക്യാമ്പിലെത്തിയ 7 പേർക്ക് കൊവിഡ്

ആറ്റിങ്ങൽ: വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് നഗരസഭയിലെ കൊട്ടിയേട് വാർഡിൽ പണ്ടുവിളാകം കോളനിയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ മാറ്റി പാർപ്പിച്ച 7പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവിടെയെത്തിയ 71 പേർക്കാണ് ആന്റിജൻ ടെസ്റ്ര് നടത്തിയത്. ഇതിൽ 5 കുട്ടികൾക്കും 2 മുതിർന്നവർക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇവരെ നഗരസഭ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ബാക്കിയുള്ളവർക്ക് ഉച്ച ഭക്ഷണവും ഭക്ഷ്യക്കിറ്റുകളും നൽകിയ ശേഷം കർശനമായ നിരീക്ഷണം നിർദ്ദേശിച്ചു. ഇവരെ ക്യാമ്പിൽ എത്തിച്ചപ്പോൾത്തന്നെ കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നതായി ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി പറഞ്ഞു. വാർഡ് കൗൺസിലർ ആർ. രാജു, വാർഡ് രക്ഷാധികാരി ആർ. രാമു, വില്ലേജ് ഓഫീസർ മനോജ്, ജെ.എച്ച്.ഐമാരായ മഞ്ചു, അഭിനന്ദ്, ഹെഡ്നഴ്സ് ലാലുസലിം, നഴ്സ്മുമാരായ അർജുൻ, അനീഷ്, ആശാവർക്കർ ഇന്ദിര, സരിത, സീന, വോളന്റിയർമാർ തുടങ്ങിവരാണ് ക്യാമ്പിന് നേതൃത്വം വഹിക്കുന്നത്.