l

കടയ്ക്കാവൂർ: ഗുരുതരമായ കരൾ രോഗത്തിന് ഏഴുമാസമായ പിഞ്ചുകുഞ്ഞ് ചികിത്സാസഹായം തേടുന്നു. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന് സമീപം ചെറുനെല്ലി വീട്ടിൽ അനുരാഗ് - രശ്മി ദമ്പതികളുടെ മകനായ അഥർവിനാണ് കരൾമാറ്റ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നത്. ജന്മനാ കരൾ രോഗ ബാധിതനായ കുഞ്ഞിന്റെ ചികിത്സയ്ക്കായി ഇതിനകം തന്നെ നല്ലൊരു തുക ചെലവാക്കി. തിരുവനന്തപുരം എസ്.എ.ടിയിൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള നടത്തിയെങ്കിലും അസുഖം ഭേദമാകാത്തതിനെ തുടർന്നാണ് ഡോക്ടർമാർ കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ചത്. കരൾ പകുത്ത് നൽകാൻ പിതാവ് തയ്യാറായെങ്കിലും ഏകദേശം മുപ്പത് ലക്ഷത്തോളം രൂപ ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സകൾക്കും ചെലവ് വരും. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയെങ്കിലും ഭീമമായ ഈ തുക കണ്ടെത്താനാകാതെ കുടുംബം വിഷമിക്കുകയാണ്. കുഞ്ഞിനെ രക്ഷിക്കാനായി സുമനസുകളുടെ അടിയന്തര സഹായം തേടുകയാണ് കുടുംബം. ഇതിലേക്കായി അനുരാഗിന്റെ പേരിൽ വക്കം ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ - 99980101880289 (പിതാവ് - അനുരാഗ്), ഐ.എഫ്.എസ്.സി കോഡ് : FDRL0001249.