general

ബാലരാമപുരം: ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക, വാടക ഇളവ് പ്രഖ്യാപിക്കുക, കൊവിഡ് മാനദണ്ഡം പാലിച്ച് വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകുക, വ്യാപാര മേഖലക്ക് ഉത്തേജക പാക്കേജ് അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതി ധർണ നടത്തി. നേമം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലരാമപുരത്തു നടന്ന ധർണ സമിതി ജില്ലാ സെക്രട്ടറി എം. ബാബുജാൻ ഉദ്ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി എസ്.കെ.സുരേഷ് ചന്ദ്രൻ,ജില്ലാ കമ്മിറ്റി അംഗം എസ്. രാജശേഖരൻ, ട്രഷറർ കെ.സുരേന്ദ്രൻ, നേതാക്കളായ ഷെയ്ഖ് മുഹിയുദീൻ, അബ്ദുൽ സലാം, ജെ. നവാസ്, സലിം, സിറാജുദീൻ എന്നിവർ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന ധർണയിൽ ഏരിയ പ്രസിഡന്റ് കെ.എ.സജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.ബിന്ദു, നേമം ഉണ്ണി എന്നിവർ നേതൃത്വം നൽകി. ഈ ആവശ്യം ചൂണ്ടിക്കാട്ടി കേരള ചീഫ് സെക്രട്ടറിക്ക് ഏരിയ കമ്മിറ്റി നിവേദനവും നൽകി.