തിരുവനന്തപുരം: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ നടക്കുന്ന ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്കെതിരെ പ്രതികരിച്ച നടൻ പൃഥ്വിരാജിനെ ഡി.വൈ.എഫ്.ഐ പിന്തുണയ്ക്കുന്നതായി സംസ്ഥാന സെക്രട്ടറി എ.എ. റഹിം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൃഥ്വിരാജിനെതിരെയുള്ള സൈബർ ആക്രമണം
ഭയപ്പെടുത്തി കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്ന സംഘപരിവാർ തന്ത്രത്തിന്റെ ഭാഗമാണ്. അതിനെ ചെറുക്കണം.
ലക്ഷദ്വീപ് വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തും. ഒരു ലക്ഷം ഇ-മെയിൽ രാഷ്ട്രപതിക്ക് അയയ്ക്കും. കൊച്ചിയിലും ബേപ്പൂരിലുമുള്ള ലക്ഷദ്വീപ് ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. സോഷ്യൽ മീഡിയയിൽ ശക്തമായ കാമ്പയിൻ നടത്തും.
വംശീയ ഉന്മൂലനമാണ് സംഘപരിവാർ ലക്ഷദ്വീപിൽ ലക്ഷ്യം വയ്ക്കുന്നത്. ക്രൈം റേറ്റ് പൂജ്യം എന്നുതന്നെ പറയാവുന്ന സ്ഥലത്ത് ഗുണ്ടാ ആക്ട് നടപ്പിലാക്കിയത് അവരുടെ ദുരുദ്ദേശ്യം വ്യക്തമാക്കുന്നു. പ്രതിഷേധങ്ങളെ അടിച്ചമർത്താനാണിത്. സംഘപരിവാറിന്റെ അജണ്ടയാണ് അവിടെ നടപ്പാക്കുന്നതെന്നും റഹീം പറഞ്ഞു.